സ്വർണക്കവർച്ച കേസിലെ ഡ്രൈവർ അർജുൻ്റെ അറസ്റ്റിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്
മലപ്പുറം: സ്വർണകവർച്ച കേസിൽ ഡ്രൈവർ അർജുൻ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ഡ്രൈവർ അർജുൻ അറസ്റ്റിലായത്. ബാലഭാസ്കറിൻ്റെ ഡ്രൈവറും ഉണ്ടെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശ്ശൂർ സ്വദേശി അർജുനാണ് പിടിയിലായത്.
അതേസമയം, ഇപ്പോഴത്തെ കേസിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ്. അതുകൊണ്ടുതന്നെ ആ ദിശയിൽ പുതിയ അന്വേഷണത്തിനും ഇപ്പോൾ സാധ്യത ഇല്ല. അർജുൻ്റെ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്ക്കറിൻ്റെ കുടുംബം പരസ്യമായി പ്രതികരിച്ചിരുന്നു. ഈ കഴിഞ്ഞ ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയാവുന്നത്.
അന്ന് മുതൽ ഇന്നുവരെ വലിയ സംശയങ്ങൾ ഉയർന്നിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. പല ചോദ്യങ്ങളും ദുരൂഹമായി തുടരുന്നതിനിടെയാണ് അർജുൻ സ്വർണ്ണക്കവർച്ച കേസിൽ അറസ്റ്റിലാവുന്നത്. മൂന്നരക്കിലോയോളം സ്വർണം കവർന്ന കേസിലാണ് അർജുൻ അറസ്റ്റിലാവുന്നത്.