സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ രഹസ്യമൊഴി ഇ ഡിക്ക് കൈമാറി

google news
swapna

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറി. ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്. അതേസമയം, ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22-ലേക്ക് മാറ്റി. കസ്റ്റംസ് അഭിഭാഷകന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും 2020-ലാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയിരുന്നത്. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു.

രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി. നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ അപേക്ഷകള്‍ കോടതി തള്ളിയിരുന്നു. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്.

Tags