ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമ പദ്മന് ജാമ്യം
കൊല്ലം:ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമ പദ്മന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പഠന ആവശ്യങ്ങൾക്കായി ജാമ്യം അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മുമ്പും അനുപമ ഇതേ ആവശ്യം ഉന്നയിച്ച്കൊല്ലം ഒന്നാം അഡീഷണൽ സെഷൻ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്. ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
തട്ടികൊണ്ടുപോയ ദമ്പതികളായ കെആർ പത്മകുമാറിന്റെയും (51) അനിതകുമാരിയുടെയും (39) മകളാണ് അനുപമ. കേസിൽ പത്മകുമാർ ഒന്നാം പ്രതിയും അനിതകുമാരി രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ നവംബറിലാണ് ഇവർ ആറുവയസുകാരിയെ തട്ടികൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു