ഇരിങ്ങോളിൽ നിന്നും റോളർ സ്കേറ്റിംഗിനായി ഇറ്റലിയിലേയ്ക്ക്; ഇന്ത്യൻ ടീമിൽ ഇടം നേടി ഗായത്രി ലീമോൻ

google news
gayathri

പെരുമ്പാവൂർ: നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നും റോളർ സ്കേറ്റിംഗിലെ വിവിധയിനങ്ങളിലെ ലോകചാമ്പ്യന്മാരെ കണ്ടെത്തുന്നതിനായി ഈ വരുന്ന സെപ്റ്റംബറിൽ ഇറ്റലിയിൽ നടക്കുന്ന 'വേൾഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024' മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് പെരുമ്പാവൂർ ഇരിങ്ങോളിലെ ഗായത്രി ലീമോൻ എന്ന പതിനേഴുകാരി. 

gayathri leemon

സ്കേറ്റ് ബോർഡിംഗ്, റോളർ ഫ്രീസ്റ്റൈൽ, സ്കൂട്ടറിംഗ്, സ്പീഡ്സ്കേറ്റിംഗ്, സ്കേറ്റ് ക്രോസ്സ്, ഡൗൺ ഹിൽ, സ്‌ലാലോം, റിങ്ക് ഹോക്കി, ഇൻലൈൻ ഹോക്കി, റോളർ ഡെർബി, ആർട്ടിസ്റ്റിക്ക് സ്കേറ്റിംഗ്‌ എന്നിവയിൽ നിന്നും ഡൗൺഹിൽ എന്ന അതിവേഗതയുള്ള സാഹസിക ഇനമാണ് ഗായത്രി തിരഞ്ഞെടുത്ത് പരിശീലിയ്ക്കുന്നത്. ചെങ്കുത്തായ മലനിരകളിൽ അതീവശ്രദ്ധയാവശ്യമായതും അപകടസാധ്യതയുള്ളതുമായ ഒന്നാണ് ഡൗൺഹിൽ. 

റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് കീഴിൽ പ്രവർത്തിയ്ക്കുന്ന കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ പരിശീലനങ്ങളിലൂടെ വളർന്നുവന്ന താരമാണ് ഗായത്രി. ഇന്ത്യൻ ടീമിൽ ഇടം നേടാനായത് സംസ്ഥാന ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്ന് പരിശീലകനും അന്തർദ്ദേശീയ സ്‌കേറ്റിംഗ് താരവുമായ തൊടുപുഴ ഇടവെട്ടി സ്വദേശി കെ.എസ്. സിയാദ് പറഞ്ഞു. 

trainer

പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടിയിലെ വി.എം.ജെ. ഓഡിറ്റോറിയത്തിൽ പ്രവർത്തിയ്ക്കുന്ന സിയാദിന്റെ പരിശീലനകേന്ദ്രമായ റോൾ ഫോഴ്സ് വൺ റോളർ സ്പോർട്സ് ക്ലബ്ബിൽ പത്തു വർഷത്തോളമായി പരിശീലനം നടത്തിവരികയാണ് ഗായത്രി. ലോകശ്രദ്ധ നേടുന്ന ഒരു മത്സര ഇനത്തിലേയ്ക്ക് തന്റെ ശിഷ്യയെ എത്തിയ്ക്കാനായതിന്റെ അഭിമാനത്തിലാണ് സിയാദ്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ പല തലങ്ങളിലുള്ള സ്‌കേറ്റിംഗ് പരിശീലനത്തിനുള്ള സൗകര്യം കുറവാണെന്നും മികച്ച പരിശീലനത്തിനായുള്ള ഒരു ടെറൈൻ കണ്ടെത്തി രായമംഗലം പണിയ്ക്കരമ്പലത്ത് ഒന്നരയേക്കറിൽ ആധുനിക സൗകര്യങ്ങളോടെ ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഒരു സ്കേറ്റിംഗ് ട്രാക്കും അനുബന്ധമായി 260 മീറ്ററോളം വരുന്ന സർക്യൂട്ട് റോഡും ആസൂത്രണം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ പ്രായത്തിലുള്ള നൂറോളം പേർ ഇപ്പോൾ പരിശീലനത്തിലുണ്ട്. സിയാദിനു കീഴിൽ പരിശീലിച്ചുകൊണ്ടു തന്നെയാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് അഞ്ചുവർഷമായി ഗായത്രി ദേശീയമത്സരങ്ങളിൽ സജീവമായി നിൽക്കുന്നത്. ഇതിൽ രണ്ടു വർഷം നാഷണൽ ചാമ്പ്യനായി. എട്ടു വർഷത്തോളമായി സംസ്ഥാന, ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് നിരവധി മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. 

gayathri1

കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടുവിനു പഠിയ്ക്കുന്ന ഈ മിടുക്കിയ്ക്ക് അധ്യാപകരുടെ പ്രോത്സാഹനം വേണ്ടുവോളമുണ്ട്. പെരുമ്പാവൂരിൽ ടാക്സ് കൺസൽട്ടന്റുമാരായ ഇരിങ്ങോൾ തറേപ്പറമ്പിൽ ലിമോൻ അശോകന്റെയും ജെയ്നി അശോകന്റെയും മകളാണ് ഗായത്രി. സഹോദരൻ വൈഷ്ണവ് സെന്റ് പീറ്റേഴ് സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. സംസ്ഥാന സ്കേറ്റിംഗ് ചാമ്പ്യനുമാണ്.

Tags