പാലക്കാട് ചിറ്റൂരിലെ ശ്മശാനത്തില്‍ വാതകചോര്‍ച്ച: അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു
വാതക ശ്മശാനത്തിന്റെ ഡോറുകള്‍ ഗ്യാസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുറക്കുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന അഞ്ചു പേര്‍ക്കാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയത്ത് ഇരുപതോളം പേര്‍ ക്രിമിറ്റോറിയത്തിന് അകത്തുണ്ടായിരുന്നു.
പാലക്കാട്: ചിറ്റൂര്‍ തത്തമംഗലം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. തത്തമംഗലം സ്വദേശികളായ ദിവാകരന്‍ (60), പ്രഭാകരന്‍(60), രാജഗോപാലന്‍ (76), ജയപ്രകാശ് (60), നിഥിന്‍ (28), മിഥുന്‍ (25) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ചിറ്റൂര്‍ പുഴപ്പാലത്തെ വാതക ശ്മശാനത്തില്‍ തത്തമംഗലം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
വാതക ശ്മശാനത്തിന്റെ ഡോറുകള്‍ ഗ്യാസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുറക്കുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന അഞ്ചു പേര്‍ക്കാണ് പൊള്ളലേറ്റത്. അപകടം നടക്കുന്ന സമയത്ത് ഇരുപതോളം പേര്‍ ക്രിമിറ്റോറിയത്തിന് അകത്തുണ്ടായിരുന്നു. ജീവനക്കാരന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ഡോറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടറിന്റെ വാല്‍വ് ജീവനക്കാരന്‍ അടച്ചതാണ് വലിയ അപകടം ഇല്ലാതെയാക്കിയത്.
കഴിഞ്ഞദിവസമാണ് ക്രിമിറ്റോറിയത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിയത്. പരുക്കേറ്റവരെ കൂടെയുണ്ടായിരുന്നവരും ജീവനക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ നല്‍കി അഞ്ചുപേരെയും തിരിച്ചയച്ചു.
വാതക ശ്മശാനം അടച്ചു