മാലിന്യ മുക്തം നവകേരളം: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ എല്‍എസ് ജിഡി

google news
malinya muktha keralam

തിരുവനന്തപുരം: മാലിന്യ മുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി  മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് (എല്‍എസ് ജിഡി). സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും ജനപങ്കാളിത്തത്തോടെയും മഴക്കാലത്തിനു മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.

മഴക്കാല പൂര്‍വ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് അവസാന വാരം തുടങ്ങി മെയ് 20 നകം തദ്ദേശസ്ഥാപനതല സെക്രട്ടറിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എല്‍എസ് ജിഡി സ്പെഷ്യല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
 
കാമ്പയിന്‍ മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തങ്ങളും വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ യോഗം ചേരണം. മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ വിവിധ മിഷനുകള്‍/ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കണം. പൊതുജനാരോഗ്യവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവല്ക്കരണ പരിപാടികളും സംഘടിപ്പിക്കണം.
 
മാലിന്യ പരിപാലനം ഉറപ്പാക്കുന്നതിനായി മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുയിടങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനും വെള്ളക്കെട്ടുകളും ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങള്‍ നീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 ന് മുന്‍പ് ഉറപ്പാക്കുന്ന വിധം വാര്‍ഡ് തല പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനം ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. ഇതിനായി വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം.
 
മാലിന്യക്കൂനകള്‍, വെള്ളക്കെട്ട് സ്ഥലങ്ങള്‍ എന്നിങ്ങനെ പൊതുജനാരോഗ്യപ്രശ്നം സൃഷ്ടിക്കുന്നവയുടെ പട്ടിക തയ്യാറാക്കി മാര്‍ച്ച് 30 ന് മുന്‍പ് എല്‍എസ് ജിഡി സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കണം. മാലിന്യ സംസ്ക്കരണ രീതികള്‍ പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളിന്‍മേല്‍ 24 മണിക്കൂറിനകം പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കണം. ജൈവ-അജൈവ മാലിന്യനിര്‍മാര്‍ജനം കുടുംബശ്രീ മോണിറ്റര്‍ ചെയ്യുന്നതിനൊപ്പം ഹരിതകര്‍മ സേനയ്ക്ക് പരിശീലനവും നല്‍കണം.

വാര്‍ഡ് തല മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യവും സമയബന്ധിതവുമായി പുരോഗമിക്കുന്നുണ്ടെന്ന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ ഉറപ്പാക്കണം. മാര്‍ച്ച് 31 ന് മുമ്പ് ഹരിതമിത്രം ആപ്പില്‍ ഉറവിട മാലിന്യ നിര്‍മാര്‍ജനത്തിന്‍റെയും വാതില്‍പ്പടി ശേഖരണത്തിന്‍റെയും വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.

മഴക്കാല പൂര്‍വ ശുചീകരണത്തിന് ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡിനും 30,000 രൂപ വരെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 40,000 രൂപ വരെയും ചെലവഴിക്കാം. ജില്ലാചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യണം. എല്‍എസ് ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രണ്ടാഴ്ചയിലൊരിക്കലും ജോയിന്‍റ് ഡയറക്ടര്‍ ആഴ്ചയിലൊരിക്കലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. എല്‍എസ് ജിഡി അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ പുരോഗതി അവലോകനം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
 

Tags