പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തി
പാലക്കാട്: ജില്ല എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സെല്ലും പാലക്കാട് ആര്‍.പി.എഫും ചേര്‍ന്ന് വെള്ളിയാഴ്ച പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിലയില്‍ 18.140 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പരിശോധന കണ്ട് ഭയന്ന് കടത്തുകാര്‍ കഞ്ചാവടങ്ങിയ ചാക്ക് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മാസിലാമണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈബു, സദാശിവന്‍, ആര്‍.പി.എഫ് എ.എസ്്.ഐമാരായ സുനില്‍കുമാര്‍, സജി ആഗസ്റ്റിന്‍ എന്നിവര്‍ പരിശോധയില്‍ പങ്കെടുത്തു.
അതേസമയം പാലക്കാട് ജില്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും പാലക്കാട് ആര്‍.പി.എഫും ചേര്‍ന്ന് വെള്ളിയാഴ്ച പാലക്കാട് ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെത്തി. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 8.9 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പരിശോധന കണ്ട് ഭയന്ന് കടത്തുകാര്‍ കഞ്ചാവ് ഉപേക്ഷിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. എക്‌സൈസ് കേസെടുത്തു. ആര്‍.പി.എഫ് എസ്.ഐ അജിത്ത് അശോക്, ഷിജു, പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എഫ്. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.കെ. മഹേഷ്, കെ. പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ കണ്ണദാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.