കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് പലരും എം.എൽ.എയും എം.പിയുമൊക്കെ ആവുന്നത് : ജി സുധാകരൻ

sudhakaran
sudhakaran

ആലപ്പുഴ: കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് പലരും എം.എൽ.എയും എംപിയുമൊക്കെ ആവുന്നതെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. കേരള കൗമുദി ദിനപ്പത്രത്തിന്റെ ആലപ്പുഴ യൂനിറ്റിന്റെ 113ാം വാര്‍ഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം സാമാന്യ ബുദ്ധിയാണ്. ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എം.എൽ.എയും എം.പിയുമാവണം എന്ന മോഹമാണ് ചിലർക്കെന്നും അദ്ദേഹം പറഞ്ഞു.

താൻ പൂജാരിമാരെ ആക്ഷേപിച്ചു എന്ന് ചിലര്‍ തന്നെക്കുറിച്ച് ഇപ്പോഴും പറയുന്നുണ്ട്. ചിലർ ഇപ്പോഴും തന്നെ ജെട്ടി സുധാകരൻ എന്നു വിളിക്കാറുണ്ട്. എന്നാൽ താൻ പൂജാരിമാരെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല.

ഹിന്ദു വിഭാഗത്തിലെ പുരോഹിതൻമാർ ഒഴികെയുള്ളവർ നല്ല വസ്ത്രമാണ് ധരിക്കുന്നത്. ഹിന്ദു പൂജാരിമാർ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

മലബാർ ദേവസ്വം ബോർഡ് സ്ഥാപിച്ചാൽ താൻ ചത്തു പോകും എന്ന് പലരും പറഞ്ഞു. എന്നാൽ താനത് സ്ഥാപിച്ചു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags