
സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കി. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റി പാര്‍ട്ടി സെന്റര്‍ ബ്രാഞ്ച് അംഗം എന്ന നിലയിലാണ് സുധാകരനെ ക്ഷണിതാവാക്കിയത്.
സ്‌കൂള്‍ ഫണ്ട് അഴിമതി ആരോപണത്തെത്തുടര്‍ന്ന് തരംതാഴ്ത്തപ്പെട്ട കെ രാഘവനെ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. 12 പേരടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയാണ് ഏകകണ്ഠമായി തെരഞ്ഞെടുത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീതയെപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. അഞ്ചോളം ഏരിയാകമ്മിറ്റികളില്‍ അടക്കം നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സംസ്ഥാന സമിതി നിയോഗിക്കുന്ന കമ്മീഷനാണ് അന്വേഷിക്കുക.സംസ്ഥാന സമിതിയാണ് നടപടി തീരുമാനിക്കുകയെന്ന് നാസര്‍ പറഞ്ഞു.