സീരിയല്‍ നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്; സംവിധായകനെതിരെ കേസെടുത്തു

google news
police8

ടിവി സീരിയല്‍ നിര്‍മ്മിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംവിധായകനെതിരെ കൊച്ചിയില്‍ പൊലീസ് കേസ് എടുത്തു. നിരവധി സീരിയലുകളുടെ സംവിധായകനും ബിജെപി നേതാവുമായ സുജിത് സുന്ദറിനെതിരെയാണ് കോടതിയുടെ നിര്‍ദേശ പ്രകാരം ഹില്‍ പാലസ് പൊലീസ് കേസ് എടുത്തത്.

2022 ഡിസംബറിലാണ് ചാലക്കുടി സ്വദേശിയായ വ്യക്തിയില്‍ നിന്ന് സുജിത് സുന്ദര്‍ പണം തട്ടിയത്. 'അരികില്‍ ഒരാള്‍' എന്ന പേരില്‍ സീരിയല്‍ നിര്‍മ്മിക്കാനെന്ന് വിശ്വസിപ്പിച്ചാണ് എട്ട് ലക്ഷം രൂപ തട്ടിയത്. ഒരു ചാനലില്‍ നിന്ന് സീരിയലിന് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നും വിശ്വസിപ്പിച്ചു. ചാനലില്‍ നിന്ന് മെയില്‍ വഴി വന്ന സന്ദേശവും കാണിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം തുടങ്ങാത്തതിനെ തുടര്‍ന്നാണ് സംശയം തോന്നിയത്.
ചാനല്‍ ഓഫിസില്‍ പോയി അന്വേഷിച്ചപ്പോള്‍ മെയില്‍ സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. പണം തിരിച്ചു നല്‍കാന്‍ സുജിത് സുന്ദര്‍ തയ്യാറായതുമില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസാണ് ഇപ്പോള്‍ കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന സുജിത് സുന്ദര്‍ നിലവില്‍ കള്‍ച്ചറല്‍ സെല്‍ സംസ്ഥാന കോര്‍ഡിനേറ്ററാണ്. നേരത്തെ ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.

Tags