മാരുതി ചിട്ടി തട്ടിപ്പ് : അവശേഷിക്കുന്ന പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
police

ശ്രീകണ്ഠപുരം: നിക്ഷേപകരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ മാരുതി ചിട്ടിക്കേസില്‍ അവശേഷിക്കുന്ന പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്തെമ്പാടും 100ലേറെ കേസുകളാണ് മാരുതി ചിട്ടിക്കെതിരെയുള്ളത്.

അനുമതിയില്ലാതെ ചിട്ടി നടത്തി ഇടപാടുകാരില്‍നിന്ന് പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. ഈ കേസില്‍ ചിട്ടിക്കമ്പനി മാനേജര്‍ സുശീല്‍ കുമാര്‍ മാത്രമാണ് അറസ്റ്റിലായത്. ചിട്ടിക്കമ്പനി ഡയറക്ടര്‍മാരും വയനാട് കൽപറ്റ സ്വദേശികളുമായ സുനില്‍കുമാര്‍, പ്രദീപ്കുമാര്‍, പുഷ്പരാജന്‍ എന്നിവരെ പിടികിട്ടിയിരുന്നില്ല.

2015 മുതല്‍ മാരുതി ചിട്ടിക്കെതിരെ കുടിയാന്മല പൊലീസ് സ്റ്റേഷനില്‍ ഒമ്പതു പരാതി ലഭിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സി.ഐ മെല്‍ബിന്‍ ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ കെ. രാധാകൃഷ്ണന്‍, സി.പി.ഒ മഹേഷ് എന്നിവര്‍ പ്രതികളെ തേടി വയനാട് ജില്ലയിലെ കൽപറ്റയിലെത്തിയത്.

എന്നാല്‍, പ്രതികള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. ഇവരെ കണ്ടെത്തുംവരെ ഊർജിത അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Share this story