ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ; കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് വി എസ് സുനില്‍കുമാര്‍
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗിക്കുകയാണ്.
ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണം. വിഷയം അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ മറ്റുപല കാര്യങ്ങള്‍ക്കും പിന്നാലെയാണെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ഒട്ടും ഞെട്ടലുണ്ടാക്കുന്നതല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതും ഇതുപോലെയുള്ള കള്ളപ്പണമാണെന്നും വി എസ് സുനില്‍കുമാര്‍ ആരോപിച്ചു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.