വനം വാച്ചര്‍ രാജനെ കണ്ടെത്താന്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടും : മന്ത്രി എ.കെ.ശശീന്ദ്രന്‍

google news
forestwatcherrajan

പാലക്കാട്∙ സൈലന്റ് വാലിയില്‍നിന്ന് 12 ദിവസം മുന്‍പ് കാണാതായ വനം വാച്ചര്‍ രാജനെ കണ്ടെത്താന്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കേരള വന അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കും രാജനായുള്ള തിരച്ചില്‍ വിപുലമാക്കാനാണ് ശ്രമം. രാജനെ കണ്ടെത്താനുള്ള അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

മേയ് രണ്ടിനാണ് സൈരന്ധ്രിയിലെ താമസസ്ഥലത്തുനിന്ന് രാജനെ കാണാതായത്. രാജന്റേതെന്ന് കരുതുന്ന വസ്ത്രം, ചെരുപ്പ്, ടോര്‍ച്ച് എന്നിവ സമീപത്ത്നിന്നു കണ്ടെടുത്തിരുന്നു. രാജനെ വന്യമ‍ൃഗങ്ങള്‍ ആക്രമിച്ചതാമെന്നായിരുന്നു ആദ്യ സംശയം. എന്നാൽ, വനംവകുപ്പിന്റെ പരിശോധനയില്‍ വന്യമൃഗ ആക്രമണത്തിന്റെ ലക്ഷണമൊന്നും കണ്ടെത്താനായില്ല.

തുടർന്ന് തണ്ടര്‍ബോള്‍ട്ടും വനപാലകരും സന്നദ്ധപ്രവര്‍ത്തകരും സൈലന്റ് വാലി വനമേഖലയില്‍ വ്യാപക തിരച്ചിൽ നടത്തി. പക്ഷേ, നിരാശയായിരുന്നു ഫലം. അന്വേഷണത്തിനിടെ രാജന്റെ മൊബൈല്‍ ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ, ശാസ്ത്രീയ പരിശോധനയില്‍ സംശയകരമായ ഒന്നും ഫോണ്‍ വിളി രേഖകളില്‍ നിന്ന് കിട്ടിയിട്ടില്ല. വനം വകുപ്പിന്റെ െചറുസംഘം ഇപ്പോഴും സൈലന്റ് വാലിയില്‍ രാജനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Tags