വിദേശയാത്രകള്‍ വീണ്ടും സജീവമാകുമെന്ന് സുചന; 15 ലക്ഷത്തിലേറെ പുതിയ പാസ്‌പോര്‍ട്ടുകള്‍

google news
Passport service
കൊച്ചിയില്‍ ഒരു വര്‍ഷം ഇത്രയധികം പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത് ആദ്യമാണ്‌.

കൊവിഡ് കാലങ്ങളില്‍ വിദേശയാത്രകള്‍ വലിയ തോതില്‍ കുറഞ്ഞത് നാം എല്ലാവരും കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ അയവ് വന്നതോടെ വിദേശയാത്രകള്‍ പോകാനുള്ള മലയാളികളുടെ ആഗ്രഹവും ഇരട്ടിച്ചിരിക്കുകയാണ്. ഈ സൂചന നല്‍കുന്നതാണ് പാസ്‌പോര്‍ട്ട് എടുക്കുന്നതിലെ വലിയ വര്‍ധനവ് ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലെ റീജിയനല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ കഴിഞ്ഞ വര്‍ഷം 15 ലക്ഷത്തിലേറെ പാസ്‌പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിലും കുത്തനെ വര്‍ധനയുണ്ടായി. 2021ല്‍ 3,69,797 പാസ്‌പോര്‍ട്ടുകള്‍ നല്‍കിയ സ്ഥാനത്ത് 2022ല്‍ അത് 6,18,390 ആയി. കൊച്ചിയില്‍ ഒരു വര്‍ഷം ഇത്രയധികം പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത് ആദ്യമാണ്‌. പിസിസികളുടെ എണ്ണത്തില്‍ വര്‍ധന ഇരട്ടിയിലേറെയാണ്.

2021ല്‍ 46,569 പിസിസികള്‍ നല്‍കിയ സ്ഥാനത്ത് 2022ല്‍ അത് ഒരു ലക്ഷം കടന്ന് 1,03,536ലെത്തി. കോഴിക്കോട്, തിരുവനന്തപുരം റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസുകളിലും സമാനമായ തോതില്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കിയതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.കൊവിഡ് കാലത്ത് വിദേശത്തുനിന്ന് നിരവധിപേരാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. അതില്‍തന്നെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവരെല്ലാം ഒന്നിച്ചു പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയതും കുത്തനെയുള്ള വര്‍ധനയ്ക്കു കാരണമായി എന്നാണ് വിലയിരുത്തുന്നത്.

Tags