യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരണം

Delhi-Moscow flight

കോഴിക്കോട്: യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചു. മേപ്പയൂര്‍ കാരയാട് പാറപുറത്തുമ്മല്‍ ഷഫീഖി(36)നെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി താമരശ്ശേരിയിലെ ഒരു ലോഡ്ജില്‍ എത്തിച്ച് മര്‍ദിച്ചതായാണ് കേസ്.  കേസിലെ പ്രതികളായ ചാത്തമംഗലം പുളാവൂര്‍ മാക്കില്‍ മുഹമ്മദ് ഉവൈസ്(23), ചുള്ളാവൂര്‍ പിലാതോട്ടത്തില്‍ റഹീസ്(23), കൊടുവള്ളി വലിയപറമ്പ് മീത്തലെ പന ക്കോട് മുഹമ്മദ് സഹല്‍ (25), എകരൂല്‍ എസ്റ്റേറ്റ് മുക്ക് പുതിയാടന്‍കണ്ടി ആദില്‍ (24) എന്നിവരാണ് വിദേശത്തേക്ക് കടന്നതെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്‌റഫ് പറഞ്ഞു.

കഴിഞ്ഞ 12ന് നെടുമ്പോശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി ബഹ്‌റൈനിലേക്ക് ഇവര്‍ കടന്നതായാണ് പോലീസ് പറയുന്നത്. ബഹ്‌റൈനില്‍ നിന്ന് 9ന് വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ഷഫീഖിന്റെ പക്കല്‍ കൊടുത്തു വിട്ട ഒരു കിലോയോളം സ്വര്‍ണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകല്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടികൊണ്ടു പോകവെ കൊടുവള്ളിക്ക് അടുത്ത് വെച്ച് ഭക്ഷണം കഴിക്കാന്‍ പ്രതികളെല്ലാവരും ഒരു ഹോട്ടലിലേക്ക് പോകവെ ഷെഫീഖ് ഒരു കടയിലേക്ക് ഓടികയറി രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംഘം സ്ഥലത്ത് നിന്നും  രക്ഷപ്പെട്ടു. തുടര്‍ന്നാണ് യുവാവ് പൊലീസിനെ വിവരം അറിയിക്കുന്നത്.
 

Share this story