ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കും: മന്ത്രി സജി ചെറിയാന്‍

google news
sssss

 
കല്യാശേരി: ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കല്യാശ്ശേരി നിയോജക മണ്ഡലം തീരസദസ്സ് പുതിയങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ലേലക്കാരുടെ ചൂഷണം നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ മത്സ്യത്തിന് ന്യായവില നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

സി ആര്‍ ഇസെഡ് പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നും പട്ടയപ്രശനങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. അപകടരഹിതമായ മത്സ്യ ബന്ധനം ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന 99 ശതമാനത്തോളം അപകടങ്ങളും കടലില്‍ പോകുമ്പോഴും വരുമ്പോഴുമാണ്. അതിനായി ലൈഫ് ജാക്കറ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. മത്സ്യത്തൊഴിലാളികള്‍  നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് എടുക്കണമെന്നും മന്ത്രി പറഞ്ഞു. തീരമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. ഈ മേഖലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു.

കടക്കോടി ഭാരവാഹികളുടെ നേതൃത്വത്തില്‍ മന്ത്രി സജി ചെറിയാന്‍, എം വിജിന്‍ എം എല്‍ എ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ വിവിധ മേഖലകളില്‍ മികവ് കാട്ടിയവര്‍ക്കുള്ള ഉപഹാരം, വിവാഹ ധനസഹായം, മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം, മത്സ്യഫെഡ്, സാഫ് എന്നിവ നല്‍കുന്ന വിവിധ സഹായങ്ങള്‍ തുടങ്ങിയവ മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശ ജനതയുമായി സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അവരിലേക്കെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീര സദസ്സ് സംഘടിപ്പിച്ചത്.

തീരസദസിലും ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയിലും എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടര്‍ ഡോ.അദീല അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സഹീദ് കായിക്കാരന്‍ (മാടായി),  എം ശ്രീധരന്‍ (ചെറുതാഴം), ടി ടി ബാലകൃഷ്ണന്‍ (കല്യാശ്ശേരി), പി ഗോവിന്ദന്‍ (ഏഴോം), ടി നിഷ (ചെറുകുന്ന്),  കെ രതി (കണ്ണപുരം), എ പ്രാര്‍ഥന (കുഞ്ഞിമംഗലം), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എസ് കെ ആബിദ ടീച്ചര്‍, സി പി ഷിജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം സി എച്ച് മുസ്തഫ, മാടായി പഞ്ചായത്തംഗം മുഹമ്മദ് റഫീഖ്,  ജോയിന്റ് ഡയറക്ടര്‍ സജി എം രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags