മോഷണംപോയ വള്ളത്തിന്റെ എൻജിൻ സ്വയം അന്വേഷിച്ചുകണ്ടെത്തി മത്സ്യത്തൊഴിലാളി; പ്രതി അറസ്റ്റിൽ

arrest1

മുതുകുളം: രണ്ടരവർഷംമുൻപ് മോഷണംപോയ വള്ളത്തിന്റെ എൻജിൻ  സ്വയം അന്വേഷിച്ചുകണ്ടെത്തി മത്സ്യത്തൊഴിലാളി. സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വലിയഴീക്കൽ ചന്ദ്രവിലാസത്തിൽ ജ്യോതിഷ് കുമാറിന്റെ മീൻപിടിത്തവള്ളത്തിന്റെ എൻജിൻ മോഷ്ടിച്ച കേസിൽ ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരിൽ അനീഷി(കിച്ചു-28)നെയാണ് തൃക്കുന്നപ്പുഴ പോലീസ്‌ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാവിലെ വട്ടച്ചാൽ ഭാഗത്തുവെച്ചാണ് ഇയാൾ പിടിയിലായത്.

2021-ഓഗസ്റ്റ് അവസാനമാണ് വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന എൻജിൻ എടുത്തുകൊണ്ടുപോയത്. അന്നുമുതൽ എൻജിൻ വീണ്ടെടുക്കണമെന്ന വാശിയിലായിരുന്ന ജ്യോതിഷ്‌കുമാർ തീരത്തുനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ മോഷണംപോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ കൃത്യമായി ശ്രദ്ധിക്കുമായിരുന്നു.

ഈ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചതും വിവരം ജ്യോതിഷ് കുമാർ പോലീസിനെ അറിയിച്ചതും. കായംകുളം ഡിവൈ.എസ്.പി. ജി. അജയ് നാഥിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. ടി.എസ്. ശിവപ്രകാശ്, എസ്.ഐ.മാരായ ടി.കെ. സുധീർ, ബൈജു, എ.എസ്.ഐ. ശിവദാസമേനോൻ, സീനിയർ സി.പി.ഒ.മാരായ ശ്യാം, സജീഷ്, സി.പി.ഒ. മാരായ പ്രജു, രാജേഷ്, വിഷ്ണു എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Tags