ആദ്യം സ്വന്തം പാര്‍ട്ടി കുടുംബത്തെ സംരക്ഷിക്കു, അതിന് ശേഷം കോണ്‍ഗ്രസിലെ കുടുംബങ്ങളെ സംരക്ഷിക്കാം ; എം വി ഗോവിന്ദന് രൂക്ഷഭാഷയില്‍ മറുപടി നല്‍കി കെ സുധാകരന്‍
അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുത് എന്നാണ് തനിക്ക് അഭ്യര്‍ഥിക്കാന്‍ ഉള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരന്‍ വ്യക്തമാക്കി
വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കും എന്ന പ്രസ്താവന നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷഭാഷയില്‍ മറുപടി നല്‍കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
എം വി ഗോവിന്ദന്റെ ജീവിത പങ്കാളി ഭരണം നിയന്ത്രിച്ചിരുന്ന ആന്തൂര്‍ മുനിസിപ്പാലിറ്റിയിലാണ് സിപിഐഎം പ്രവര്‍ത്തകന്‍ സാജന്‍ ആത്മഹത്യ ചെയ്തത്, സാജന്റെ പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ് ഇപ്പോഴും അവിടെ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ്. എം വി ഗോവിന്ദന്‍ ആദ്യം പാര്‍ട്ടി കുടുംബത്തെ സംരക്ഷിക്കണം എന്നും അതിനു ശേഷം കോണ്‍ഗ്രസിലെ കുടുംബങ്ങളെ സംരക്ഷിക്കാം എന്നും സുധാകരന്‍ തുറന്നടിച്ചു.
അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുത് എന്നാണ് തനിക്ക് അഭ്യര്‍ഥിക്കാന്‍ ഉള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരന്‍ വ്യക്തമാക്കി. എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സിപിഎമ്മിനെ പോലെ കുറ്റവാളികളുടെ സംരക്ഷണം ഞങ്ങളുടെ രീതിയോ ലക്ഷ്യമോ അല്ലെന്നും വിമര്‍ശിച്ചു. കുടുംബനാഥന്‍ നഷ്ടപ്പെട്ട ഒരു വീട്ടില്‍ പോയി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ നോക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.