നെടുമ്പ്രം പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിൽ ഗുരുതര സാമ്പത്തിക ക്രമക്കേട്
തിരുവല്ല : നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിൽഗുരുതര സാമ്പത്തിക ക്രമക്കേടുകൾ എന്ന് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ . ആദ്യ റിപ്പോർട്ടിൻ പ്രകാരം 17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 2013 മുതലുള്ള 10 വർഷത്തെ കണക്കുകളും ഫയലുകളും ജില്ലാ മിഷൻ ഓഡിറ്റ് വിഭാഗം മൂന്ന് ആഴ്ച മുമ്പ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
ഇതിൽ 39 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന. പണം ഇടപാട് സംബന്ധിച്ച് ക്യാഷ് ബുക്ക്, ബില്ല് വൗച്ചർ എന്നിവയൊന്നും കൃത്യമല്ല ചെക്കുകൾ നൽകുമ്പോഴും വാങ്ങുമ്പോഴും രേഖകൾ സൂക്ഷിച്ചിട്ടില്ല. 2020 മുതൽ 23 വരെയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ ഏറെയും നടന്നതായി കണ്ടെത്തൽ ഉള്ളത്.
മഹാപ്രളയത്തിനുശേഷം 2019 പഞ്ചായത്തിലെ 174 കുടുംബശ്രീ യൂണിറ്റുകൾക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഇതിൽ മൂന്നാം ഘട്ട സബ്സിഡിയായി അനുവദിച്ച 66, 97610 രൂപ വിതരണം ചെയ്തതിന്റെ രേഖകൾ ഇല്ല . സംരംഭക ഗ്രൂപ്പുകൾക്ക് റിവോൾവിങ് ഫണ്ടായി നൽകിയ 660, 900 രൂപയ്ക്കും , മുഖ്യമന്ത്രിയുടെ സഹായ വായ്പ പദ്ധതിയിൽ അനുവദിച്ച 451,029 രൂപയ്ക്കും കണക്കില്ല. 13 വാർഡുകളുടെയും സിഡിഎസ് കൾക്ക് സഹായമായി ഓരോ ലക്ഷം രൂപ അനുവദിച്ചു എങ്കിലും സിഡിഎസ് ചെയർപേഴ്സന്റെ ഒന്നാം വാർഡ് ഒഴിച്ച് മറ്റ് 12 വാർഡുകളിലും തുക നൽകിയിട്ടില്ല.
2022 ഏപ്രിലിൽ ഷാലോം കുടുംബശ്രീ യൂണിറ്റ് നെടുമ്പുറം സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കാനായി നൽകിയ 1.47 ലക്ഷം രൂപയും ബാങ്കിൽ അടച്ചിട്ടില്ല. അയൽക്കൂട്ടം ഗ്രൂപ്പുകൾക്ക് നൽകേണ്ട സബ്സിഡി തുക പിൻവലിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജീവൻ ദീപം ഡെത്ത് ക്ലെയിം ഇനത്തിൽ എട്ടാം വാർഡിലെ ഒരു അംഗത്തിന് ഒരു ലക്ഷം രൂപ നൽകിയതായി രേഖയിൽ ഉണ്ടെങ്കിലും ഇവർക്ക് 50000 രൂപ മാത്രമാണ് ലഭിച്ചത്.
2022 അനുഗ്രഹ കുടുംബശ്രീക്ക് നൽകാനായി നാലര ലക്ഷം രൂപ സിഡിഎസ് ചെയർപേഴ്സൺ പി കെ സുജയുടെ പേരിൽ പിൻവലിച്ചെങ്കിലും തുക സംരംഭകർക്ക് നൽകിയതിന്റെ ഒരു രേഖയും ഇല്ല . പല രേഖകളിലും വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്. കേരള ചിക്കൻ എന്ന സംരംഭം തുടങ്ങുന്നതിന് അന്നമ്മ ചാക്കോ എന്നയാളുടെ പേരിൽ ഒന്നരലക്ഷം രൂപ നൽകിയതായി രേഖയുണ്ടെങ്കിലും ഈ വ്യക്തിക്ക് ഇങ്ങനെ ഒരു സംരംഭം ഇല്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ജനകീയ ഹോട്ടലിലെ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഇരുപതിനായിരം രൂപ നടത്തിപ്പുകാർക്ക് ലഭിച്ചിട്ടില്ല. പകരം ഹോട്ടലുമായി യാതൊരു ബന്ധവുമില്ലാത്ത ശശികല എന്ന വ്യക്തിക്കാണ് പണം നൽകിയത്.
സി ഡി എസ് അധ്യക്ഷ പി കെ സുജയുടെ പേരിൽ ചെക്ക് എഴുതി തുക മാറിയെടുത്തതായി ബാങ്കിൽ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക ചാർജ് ഓഫീസർ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2022 സെപ്റ്റംബർ മുതൽ 2023 ഏപ്രിൽ വരെ സിഡിഎസ് അധ്യക്ഷയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് 515870 രൂപ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തിയ കാലയളവിലെ ചാർജ് ഓഫീസർ , അക്കൗണ്ടൻറ് അധ്യക്ഷ എന്നിവർ തലസ്ഥാനത്ത് തുടരാൻ അർഹർ അല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2009 മുതൽ സീന മോൾ അക്കൗണ്ടന്റും 2018 മുതൽ പി കെ സുജ അധ്യക്ഷയും ആണ് . വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആണ് ചാർജ് ഓഫീസർ . നിലവിലെ ചാർജ് ഓഫീസർക്ക് ഏഴ് മാസത്തോളമാണ് ചുമതല ഉണ്ടായിരുന്നത്. ഇവർ സ്ഥാനക്കയറ്റം ലഭിച്ച ഇപ്പോൾ പാലക്കാട്ടേക്ക് സ്ഥലം മാറിപ്പോയി. ജില്ലാ മിഷൻ നടത്തിയ വിശദമായ ഓഡിറ്റിന്റെ ഭാഗമായി ഇന്ന് പഞ്ചായത്തിൽ വിദഗ്ധ പരിശോധനയ്ക്കായി സംഘം എത്തുന്നുണ്ട്. ഇതുകൂടി പൂർത്തിയാവുമ്പോൾ തട്ടിപ്പിന്റെ മുഴുവൻ ചിത്രങ്ങളും പുറത്തുവരും എന്നാണ് പ്രതിപക്ഷ കക്ഷികൾ പറയുന്നത്.