ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നിരൂപകയും ക്യൂറേറ്ററും എഴുത്തുകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടന്നു.
ഏഷ്യൻ സിനിമയുടെ അമ്മ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. സ്വതന്ത്ര ഡോക്യുമെന്ററികളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി രൂപവത്കരിച്ച പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിൽ ട്രസ്റ്റിയായി പ്രവർത്തിച്ചിരുന്നു. ഫിപ്രസി ഇന്ത്യ ഏർപ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ് പുരസ്കാരം നേടിയിട്ടുണ്ട്.
1988-ൽ ഏഷ്യൻ സിനിമാ സംബന്ധിയായ ‘സിനിമായ’ എന്ന ത്രൈമാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ലതിക പട്ഗാവോങ്കർ, രശ്മി ദൊരൈസ്വാമി എന്നിവരുമായി ചേർന്ന് അരുണാ വാസുദേവ് ‘ബിയിങ് ആൻഡ് ബികമിങ്, ദി സിനിമാസ് ഓഫ് ഏഷ്യ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ചലച്ചിത്ര, സാംസ്കാരിക രംഗങ്ങളിലെ ഇവരുടെ സംഭാവനകൾ മാനിച്ച് ഫ്രാൻസിലെ പരമോന്നത സാംസ്കാരിക ബഹുമതിയായ ഓഫീസർ ദെ ആർട്സ് എ ദെ ലെറ്റേഴ്സ് ബഹുമതി നൽകി ആദരിച്ചിരുന്നു.
അന്തരിച്ച മുൻനയതന്ത്രജ്ഞൻ സുനിൽ റോയ് ചൗധരിയാണ് ഭർത്താവ്. ഗ്രാഫിക് ഡിസൈനർ യാമിനി റോയ് ചൗധരി മകളാണ്. ബിജെപി മുൻ എംപി വരുൺഗാന്ധിയാണ് മരുമകൻ. ഡൽഹി സ്വദേശിയാണ്.