ബിരുദ അഡ്മിഷൻ റദ്ദാക്കിയാൽ മുഴുവൻ ഫീസും തിരികെ നൽകണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു യുജിസി നിർദേശം

google news
ugc admission



ന്യൂഡൽഹി : ഒക്ടോബർ 31നു മുൻപു ബിരുദ അഡ്മിഷൻ റദ്ദാക്കിയാൽ മുഴുവൻ ഫീസും തിരിച്ചു നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു യുജിസി നിർദേശം നൽകി. ഡിസംബർ 31നു മുൻപാണു റദ്ദാക്കുന്നതെങ്കിൽ 1000 രൂപ കുറച്ച് ബാക്കി തിരികെ നൽകണമെന്നും യുജിസി സെക്രട്ടറി പ്രഫ. രജനീഷ് ജെയിൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കയച്ച കത്തിൽ നിർദേശിച്ചു. 

ജെഇഇ മെയിൻ, നീറ്റ് ഉൾപ്പെടെ വിവിധ ബിരുദ പ്രവേശന പരീക്ഷകളുടെ ഫലം വരാനിരിക്കെ, പല വിദ്യാർഥികളും താൽക്കാലിക അഡ്മിഷൻ എടുത്തിട്ടുണ്ട്. പ്രവേശന പരീക്ഷാ ഫലം വരുന്നതോടെ സ്ഥാപനം മാറുന്ന വിദ്യാർഥികൾക്ക് ഏറെ ആശ്വാസകരമാണു നിർദേശം. 

അഡ്മിഷൻ നടപടികൾ ഒക്ടോബർ അവസാനം വരെ നീളുമെന്നും 2022–23 ലേതു പ്രത്യേക സാഹചര്യമായി പരിഗണിച്ച് ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും തിരികെ നൽകണമെന്നുമാണു നിർദേശം. കാൻസലേഷൻ ചാർജ് ഈടാക്കരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്. 

Tags