പ്രശസ്ത നര്‍ത്തകി ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

google news
Famous dancer Bhavani Chellappan passed away

കോട്ടയം: നൃത്ത അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍.

ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവര്‍ നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 1952-ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് നൃത്തം അഭ്യസിച്ച് പഠിച്ചിറങ്ങിയത്. ഗുരു ഗോപിനാഥിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്.

13-ാം വയസിലാണ് ആദ്യമായി ഭവാനി ചിലങ്കയണിയുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ നീണ്ടതായിരുന്നു അവരുടെ നൃത്തസപര്യ. നൃത്തവേദിയില്‍ നിന്നാണ് അവര്‍ ജീവിതപങ്കാളി ചെല്ലപ്പനെ കണ്ടെത്തിയത്. പിന്നീട് അവര്‍ ഒരുമിച്ച് നിരവധി വേദികള്‍ പങ്കിട്ടു.

അക്കാലത്ത് ഏറെ സജീവമായിരുന്ന ബാലെ എന്ന കലാരൂപത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഈ ദമ്പതികള്‍ നിര്‍ണായക പങ്ക് വഹിച്ചു. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്.

Tags