മലപ്പുറത്ത് കുടുംബ കോടതി കെട്ടിടത്തിന് ഒടുവിൽ ഭരണാനുമതി
 Malappuram

മലപ്പുറം: ജില്ലയിൽ കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം പണിയാൻ ഒടുവിൽ ആഭ്യന്തരവകുപ്പ് ഭരണാനുമതി നൽകി. 2007ൽ തുടങ്ങിയ ശ്രമമാണ് ഇപ്പോൾ നിർണായകഘട്ടം പിന്നിടുന്നത്. പൊതുമരാമത്തു വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ എസ്‌റ്റിമേറ്റിന്റെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ നൽകിയ അപേക്ഷയെ തുടർന്നാണ് അനുമതി.

ഇനി പൊതുമാരമത്തു വകുപ്പ് സാങ്കേതികാനുമതി നൽകണം. തുടർന്ന് ടെൻഡർ വിളിക്കും. കളക്‌ടറേറ്റ് വളപ്പിൽ വിവിപാറ്റും വോട്ടിങ്‌ യന്ത്രങ്ങളും സൂക്ഷിക്കാൻ നിർമിച്ച കെട്ടിടത്തിന് ചേർന്നുള്ള 32 സെന്റിൽ 12 കോടി രൂപക്കാണ് നാലുനില കെട്ടിടം പണിയുന്നത്. ചിലവിന്റെ 60 ശതമാനം തുക (7.2 കോടി രൂപ) കേന്ദ്രവും ബാക്കി 4.8 കോടി സംസ്‌ഥാന സർക്കാരും വഹിക്കണമെന്നതാണ് വ്യവസ്‌ഥ. വാഹന പാർക്കിങ്ങും കോടതി ഹാളും ജഡ്‌ജിയുടെ ചേംബറും ഓഫിസും കേസിനുവരുന്ന അമ്മമാർക്ക് വിശ്രമകേന്ദ്രവും കൗൺസലിങ്‌ ഹാളും അടക്കമുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

കളക്‌ടറേറ്റ് വളപ്പിൽ ബ്രിട്ടീഷ്‌ കാലത്ത് നിർമിച്ച, നിന്നുതിരിയാൻ ഇടമില്ലാത്ത കെട്ടിടത്തിലാണ് ഇപ്പോൾ കോടതി പ്രവർത്തിക്കുന്നത്. വർഷം നൂറുകണക്കിനു കേസുകൾ ഈ കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. 2019ൽ 502, 2020ൽ 498, 2021ൽ 565 കേസുകൾ കോടതിയിൽ എത്തിയിരുന്നു. ഇതിന്റെ നടത്തിപ്പിനായി നൂറുകണക്കിനു പേർ ദിവസവും കോടതിയിൽ എത്തുന്നുണ്ട്. ഇവർക്ക് അത്യാവശ്യ സൗകര്യം പോലും കൊടുക്കാനാകുന്നില്ല.

മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന കോടതി മലപ്പുറത്തേക്കു മാറ്റിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. സ്വന്തം കെട്ടിടത്തിന് ആദ്യം 25 സെന്റ് അനുവദിച്ചെങ്കിലും അതു മതിയാവില്ലെന്നു കണ്ട് പിന്നീട് ഏഴു സെന്റുകൂടി അനുവദിക്കുകയായിരുന്നു. അതിനനുസരിച്ച് പ്ളാനും മാറ്റേണ്ടിവന്നു. പുതുക്കിയ പ്ളാനിന് അനുമതിതേടി ഹൈക്കോടതിയിൽ നിന്ന് 2021 ജൂലായിൽ ആഭ്യന്തരവകുപ്പിന് അപേക്ഷ നൽകി.

അതാണ് ഒന്നര വർഷത്തിനു ശേഷം ഭരണാനുമതിയായത്. കാസർഗോഡ് (5.04 കോടി), വടകര (8.2 കോടി) എന്നിവിടങ്ങളിലും കുടുംബ കോടതി കെട്ടിടത്തിന് ഭരണാനുമതിയായിട്ടുണ്ട്. മലപ്പുറത്തെ പദ്ധതിക്ക് എത്രയുംവേഗം സാങ്കേതികാനുമതി നൽകണമെന്ന് അഭ്യർഥിച്ച് മലപ്പുറം ബാർ അസോസിയേഷൻ പ്രസിഡണ്ട് പിപി ബാലകൃഷ്‌ണൻ പൊതുമരാമത്തു വകുപ്പിന് കത്തെഴുതിയിട്ടുണ്ട്.

Share this story