പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടു ; എല്ലാം വൈകീട്ട് വെളിപ്പെടുത്തുമെന്ന് പി.വി അൻവർ
മലപ്പുറം: സി.പി.എം പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പി.വി അൻവർ എം.എൽ.എ. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടി പറഞ്ഞതനുസരിച്ച് താൻ കീഴടങ്ങിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാൽ, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന് പി.വി അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണങ്ങളാണ് പാർട്ടി അന്വേഷിക്കേണ്ടത്. അതിന്റെ ഗതിയെന്താണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. പറയാനുളളതെല്ലാം താൻ വൈകീട്ട് പറയുമെന്നും പി.വി അൻവർ പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും വിട്ടുനിൽക്കുമോയെന്ന ചോദ്യത്തിന് എല്ലാം വാർത്താസമ്മേളനത്തിൽ പറയുമെന്നായിരുന്നു പി.വി അൻവറിന്റെ മറുപടി.
പരസ്യപ്രസ്‍താവന പാടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം ലംഘിച്ച് പി.വി. അൻവർ എം.എൽ.എ. ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ.. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’ -എന്നാണ് അൻവർ ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിച്ചത്.