പുതിയ ബയോഇ3 നയത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടത് അത്യന്താപേക്ഷിതം: വിദഗ്ധര്‍

Awareness about the new BioE3 policy is essential: experts
Awareness about the new BioE3 policy is essential: experts

തിരുവനന്തപുരം: ബയോഇ3 (ബയോ ടെക്നോളജി ഫോര്‍ ഇക്കണോമി, എന്‍വയോണ്‍മെന്‍റ്, എംപ്ലോയ്മെന്‍റ്) നയത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പോലുള്ള പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ആര്‍ജിസിബി കാമ്പസില്‍ സംഘടിപ്പിച്ച 'പോളിസി ഫോര്‍ ഫോസ്റ്ററിംഗ് ഹൈ പെര്‍ഫോമന്‍സ് ബയോ മാനുഫാക്ചറിംഗ്' എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ മനുഷ്യരാശി നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് അടുത്തിടെ കേന്ദ്ര ബയോടെക്നോളജി വകുപ്പ് പുറത്തിറക്കിയ ബയോ ഇ3 നയത്തിലുള്ളത്. സംശുദ്ധവും ഹരിതാഭവുമായ രാജ്യത്തിനായി ജൈവ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണ് നയത്തിന്‍റെ ലക്ഷ്യം.

എല്ലാ രാസപ്രക്രിയകളില്‍ നിന്നും കാര്‍ബണ്‍ ഡൈഓക്സൈഡ് നീക്കം ചെയ്യുക എന്നതാണ് ജൈവ ഉത്പാദക പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യങ്ങളിലൊന്നെന്ന് ബെംഗളൂരു ഐഐഎസ് സി മുന്‍ ഡയറക്ടര്‍ ഡോ.ജി പത്മനാഭന്‍ പറഞ്ഞു. നയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ ആര്‍ജിസിബിക്ക് ഈ മേഖലയില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയും. രാജ്യത്ത് കൂടുതല്‍ ജൈവ ഉത്പാദക ഹബ്ബുകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും കാര്‍ബണ്‍ ഡൈഓക്സൈഡിന്‍റെ  ഉത്പാദനം കുറയ്ക്കുന്ന പ്രക്രിയയാണെന്ന് ജൈവ ഉത്പാദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   
വൈദഗ്ധ്യമുള്ള കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനൊപ്പം ജൈവ ഉത്പാദനത്തിനുള്ള സൗകര്യങ്ങള്‍ സ്ഥാപനങ്ങളില്‍ സജ്ജമാക്കേണ്ടതുണ്ടെന്ന് തിരുവാരൂര്‍ തമിഴ് നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. രാം രാജശേഖരന്‍ പറഞ്ഞു.  

ബയോഇ3 നയത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ ആര്‍ജിസിബിക്ക് നേതൃത്വം നല്‍കാനാകുമെന്ന് കൊച്ചി ബയോ-നെസ്റ്റ് സിഇഒ ഡോ. കെ അമ്പാടി പറഞ്ഞു. ആര്‍ജിസിബിയുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെയും (കെഎസ് യുഎം) സംയുക്ത സംരംഭമാണ് ബയോ-നെസ്റ്റ്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ബയോഇ3 നയം ശ്രമിക്കുന്നതെന്നും ഡോ.അമ്പാടി പറഞ്ഞു.  

പുതിയ നയം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങളില്‍ നൂതന ആശയങ്ങളുടെ പ്രയോഗത്തിലൂടെ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ജൈവസാങ്കേതിക വിദ്യാ മേഖലയിലെ യുണികോണുകളായി ഉയര്‍ന്നുവരുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ലാഭകരമായ  ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കാന്‍ നമുക്ക് കഴിയുമെന്നും ഡോ. കെ അമ്പാടി  കൂട്ടിച്ചേര്‍ത്തു.

ബയോഇ3 നയ ശിപാര്‍ശകളെക്കുറിച്ച് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ സംസാരിച്ചു. സര്‍ക്കാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് സമൂഹം എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനൊപ്പം രാജ്യത്തിന് ആവശ്യമായ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സ്വയം ശാക്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാശ്രയത്വത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞത് കൊവിഡ് മഹാമാരിയുടെ സമയത്താണ്. ജൈവ ഉത്പാദക മേഖലയില്‍ മനുഷ്യത്വപരമായ സമീപനം കൂടി കൊണ്ടുവരുന്നതിനാല്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പ്രമുഖ സ്ഥാനം അവകാശപ്പെടാനാകും.

ബഹിരാകാശ മേഖലയിലും ആറ്റോമിക് എനര്‍ജി വകുപ്പിന്‍റെ (ഡിഎഇ) മറ്റ് സ്ഥാപനങ്ങളിലും സമന്വയം കൊണ്ടുവരാന്‍ സഹായകരമാണ് എന്നതാണ് ഈ നയത്തിന്‍റെ ഭംഗി. ആര്‍ജിസിബി പോലുള്ള സ്ഥാപനങ്ങള്‍ക്ക് അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സാധിക്കും. നയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലൂടെ ആവാസവ്യവസ്ഥയില്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.      

ബയോ അധിഷ്ഠിത രാസവസ്തുക്കള്‍, ഫങ്ഷണല്‍ ഫുഡ്സ്, സ്മാര്‍ട്ട് പ്രോട്ടീന്‍, പ്രിസിഷന്‍ മെഡിസിന്‍, മറൈന്‍ സയന്‍സ്, എഐ എനേബിള്‍ഡ് ടെക്നോളജി ഡെവലപ്മെന്‍റ് എന്നിവ തൊഴില്‍ നയത്തിന്‍റെ മുന്‍ഗണനാ മേഖലകളായി ആര്‍ജിസിബി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിആര്‍ഐസി-ആര്‍ജിസിബി  ഡോ. ടി. ആര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.    ആര്‍ജിസിബി സയന്‍റിസ്റ്റ് ഡോ. കെ. ബി ഹരികുമാര്‍ മോഡറേറ്ററായിരുന്നു.

വ്യാവസായിക വിപ്ലവത്തിന്‍റെ മുന്‍നിരയില്‍ ഇന്ത്യയെ എത്തിക്കാന്‍ പുതിയ ബയോഇ3 നയം ലക്ഷ്യമിടുന്നു. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി കേരളത്തിന്‍റെ കെമിക്കല്‍ അധിഷ്ഠിത വ്യവസായങ്ങളില്‍ നിന്ന് ജൈവ ഉത്പാദന കേന്ദ്രങ്ങളിലേക്ക് മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ജിസിബി യില്‍ ആരംഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയം.
 

Tags