എക്സാലോജിക്; കൈകൾ ശുദ്ധമെങ്കിൽ അന്വേഷണ ഏജൻസിക്ക് മറുപടി കൊടുക്കണം: വി.മുരളീധരൻ

muraleedharan


വയനാട് :  മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കോടതിയിൽ പോകുന്നതിന് പകരം അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

കമ്പനികൾ തമ്മിലുള്ള കരാറെങ്കിൽ വാങ്ങിയവർക്കും കൊടുത്തവർക്കും മറുപടി വേണം. അത് ഉണ്ടാകാത്തതിലാണ് എസ്എഫ്ഐഒ നോട്ടിസ് കൊടുത്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 പാര്‍ട്ടി ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയുടെ മകൾ ഏത് പാർട്ടി ഘടകത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായി ആരോപണം വന്നപ്പോൾ സ്വീകരിച്ച സമീപനമല്ല സിപിഎമ്മിന് വീണ വിജയന്‍റെ കാര്യത്തില്‍. അന്ന് നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുടെ മകളെ ന്യായികരിക്കാൻ നടക്കുകയാണ്.

വി.ഡി.സതീശന്‍റെ തേഞ്ഞ ആരോപണത്തിന് മറുപടിയില്ലെന്ന് മുരളീധരന്‍. ബിജെപിക്ക് ആരുമായും ഒത്തുതീർപ്പ് ഇല്ലാത്തത് കൊണ്ടാണ് വീണാ വിജയന് നോട്ടിസ് ലഭിക്കുന്നതും ശിവശങ്കരൻ ജയിലിൽ കിടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 കർണാടക സർക്കാർ എന്തുകൊണ്ട് എക്സാലോജിക്കിനെതിരെ സിബിഐ  അന്വേഷണം പ്രഖ്യാപിച്ചില്ല. വി.ഡി സതീശൻ കേന്ദ്ര നേതൃത്വത്തോട് അത് ആവശ്യപ്പെട്ടില്ലെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയും സീതാറാം യച്ചൂരിയും തമ്മിൽ ധാരണയുള്ളത് കൊണ്ട് വി.ഡി.സതീശൻ എത്ര വെള്ളംകോരിയാലും ഒന്നും നടക്കാൻ പോകുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

Tags