തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് : തുടര്‍നടപടികള്‍ ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തു
Antony Raju

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു. കുറ്റപത്രം റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം.

കേസില്‍ വ്യാഴാഴ്ച വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ്, തുടര്‍നടപടികള്‍ ഒരുമാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആന്റണി രാജുവിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്. മയക്കുമരുന്നു കേസിലെ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച്, തനിക്കെതിരേ നടപടിക്രമം പാലിക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എന്നാണ് ചൊവ്വാഴ്ച ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആന്റണി രാജു പറയുന്നത്. അതിനാല്‍ കുറ്റപത്രം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ വ്യാഴാഴ്ചയാണ് വിചാരണ നടപടികള്‍ ആരംഭിക്കാനിരുന്നത്. നേരത്തെ നെടുമങ്ങാട് കോടതിയിലെ ശിരസ്ദാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയിലിരിക്കുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന സംഭവത്തില്‍ പോലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതല്‍ ആയതിനാല്‍, അതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മജിസ്‌ട്രേട്ട് കോടതിക്കാണ് പരാതി നല്‍കേണ്ടത്. മജിസ്‌ട്രേട്ട് കോടതിയാണ് നടപടി എടുക്കേണ്ടതെന്നും ആന്റണി രാജു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദഗതികള്‍ താല്‍ക്കാലികമായി അംഗീകരിച്ചാണ് സര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഒരുമാസത്തേക്ക് തുടര്‍നടപടികള്‍ എല്ലാം സ്റ്റേ ചെയ്തിട്ടുമുണ്ട്.

Share this story