ഏറ്റുമാനൂർ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ
eattumanoor temple

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് കസ്റ്റഡിയില്‍. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി തോമസിനെ പിടികൂടുകയായിരുന്നു. യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ഇയാളുടെ മൊഴി. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ നിഗമനം. ക്ഷേത്രജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെതിരേ കേസെടുത്തേക്കും.

അതീവസുരക്ഷാ മേഖലയായ ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ വിവാഹസംഘം ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Share this story