ഇ.പിയുടെ ഭാര്യയ്ക്ക് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുമായി ബിസിനസ് ബന്ധങ്ങളുണ്ട് ; ഇ.പി സ്വത്ത് എഴുതി തന്നാൽ പാവങ്ങൾക്ക് കൊടുക്കുമെന്ന് വി.ഡി സതീശൻ

dsg

കണ്ണൂർ: ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെയും ഇ പിയുടെയും ഭാര്യമാർക്ക് ബിസി നസ് ബന്ധങ്ങൾ ഉണ്ടെന്ന് കണ്ണുരിൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിൽ ഇ.ഡി അറസ്റ്റുചെയ്യുകയാണെങ്കിൽ താൻ എതിർക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .


അതെന്തിനാണെന്ന് നോക്കിയാണ് പ്രതികരിക്കുക. കേരളത്തിൽ സ്വർണ കടത്തും ഡോളർ കടത്തും ലൈഫ് അഴിമതി കേസും ഏറ്റവും ഒടുവിൽ മാസപ്പടി ആരോപണവുമൊക്കെ ഉണ്ടായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ഒന്ന് ചോദ്യം ചെയ്യാൻ പോയിട്ട് മൊഴിയെടുക്കാൻ പോലും ഇഡി തയ്യാറായിട്ടില്ല. കേരളത്തിൽ ബി.ജെ.പിയുമായി സി.പി.എമ്മിന് അന്തർധാരയുണ്ടെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്. 

കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രനെയും മകനെയും പ്രതിയാക്കിയാകാതെ  സഹായിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
വടകരയിലും തൃശൂരും കോൺഗ്രസ് ജയിക്കില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. വടകരയിൽ എന്തു തന്നെയായാലും ബി.ജെ.പി ജയിക്കില്ലെന്ന കാര്യം ഉറപ്പാണ് അപ്പോൾ പിന്നെയാരാണ് അവിടെ ജയിക്കുകയെന്ന് സുരേന്ദ്രൻ പറയണം. 

സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് എതിർത്താലും കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിക്കും. കരുവന്നൂരിൽ ഇ.ഡി കേസിലെ പ്രതികളെ മുഖ്യമന്ത്രി സന്ദർശിച്ചത് പേടി കൊണ്ടാണ് കയ്യാലപ്പുറത്തെ തേങ്ങയെപ്പോലെയാണ് സി.പി.എം നേതാക്കളെ ഇ.ഡി പേടിപ്പിച്ചു നിർത്തിയിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാമെന്ന പേടി അവർക്കുണ്ട്. 

ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റു ചെയ്തതിലൂടെ ഭ്രാന്തു പിടിച്ച ഫാസിസ്റ്റ് ഭരണകൂടമായി നരേന്ദ്ര മോദി സർക്കാർ മാറിയിരിക്കുകയാണ്. കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പിൽ ചെലവഴിക്കേണ്ട ഫണ്ടുകൾ പോലും തടഞ്ഞു വെയ്ക്കുന്നു. വൻ മുതലാളിമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയിട്ടും കോടികളുടെ ഇലക്ടറൽ ബോണ്ട് അഴിമതി നടത്തിയിരിക്കുകയാണ് ബി.ജെ.പിയെന്നും വി.ഡി സതീശൻ പറഞ്ഞു. 

ഇ.പിക്ക് ബന്ധമുള്ള വൈദേകം റിസോർട്ടിനെ കുറിച്ചു താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വൈദേകവുമായി നിരാമയയ്ക്ക് ബിസിനസ് ബന്ധമുണ്ടെന്ന് രാജീവ് ചന്ദ്രശേഖറും ഇപി ജയരാജനും സമ്മതിച്ചിട്ടുണ്ട്. ആരോപണം തെളിയിച്ചാൽ തനിക്ക് സ്വത്തു എഴുതിതരാമെന്നാണ് ഇപി ജയരാജൻ പറഞ്ഞിരിക്കുന്നത്. അതു കിട്ടിയാൽ പാവങ്ങൾക്ക് കൊടുക്കുമെന്നും സതീശൻ പറഞ്ഞു.

 തനിക്കെതിരെ വിഭ്രാന്തിയോടെ എന്തെക്കൊയോ പറയുകയാണ് ഇപി ജയരാജൻ. താൻ അശ്ളില വീഡിയോമോർഫു ചെയ്തു നിർമ്മിക്കുന്നയാളാണെന്നാണ് ഇപ്പോൾ എൽ.ഡി.എഫ് കൺവീനർ പറയുന്നത്. തിരുവനന്തപുരത്ത് നിരാമയ വൈദേകം ബിസിനസ് ഗ്രൂപ്പിൻ്റെ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖറിൻ്റെ ഭാര്യയുമൊന്നിച്ചു ഇ.പിയുടെ കുടുംബം നിൽക്കുന്ന ഫോട്ടോ പുറത്തു വന്നിട്ടുണ്ട്. കോൺഗ്രസ് വക്താവ് ചാനൽ ചർച്ചയിൽ ഈക്കാര്യം പുറത്തു വിട്ടിട്ടുണ്ടെന്നും വ്യക്തമായ തെളിവോടു കൂടിയാണ് താൻ ആരോപണം ഉന്നയിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags