'ബലാത്സംഗ കേസിൽ പ്രതികളായ എം.വിൻസെന്റും എൽദോസ് കുന്നപ്പിള്ളിയും രാജിവെച്ചാൽ മുകേഷും പദവിയൊഴിയും' : ഇ.പി ജയരാജൻ

ep jayarajan
ep jayarajan

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതികളായ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചാൽ മുകേഷും പദവിയൊഴിയുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ബലാത്സംഗ കേസിൽ പ്രതികളായ എം.വിൻസെന്റും എൽദോസ് കുന്നപ്പിള്ളിയും രാജിവെച്ചാൽ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഒരു കമ്മിറ്റി നിലവിൽ വരുന്നതെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി. മുകേഷിന്റെ രാജി ആവശ്യം സി.പി.ഐ ഉൾപ്പടെ ഉന്നയിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി എൽ.ഡി.എഫ് കൺവീനർ തന്നെ രംഗത്തെത്തുന്നത്. എല്ലാ എം.എൽ.എമാർക്കും ഒരേ നിയമമാണ് ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്നും ഇ.പിജയരാജൻ കൂട്ടിച്ചേർത്തു.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ കേസെടുത്തിരുന്നു. മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. നടൻ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉൾപ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

Tags