തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണം: മന്ത്രി എം.ബി രാജേഷ്

MB Rajesh

പാലക്കാട് :  തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിഭവ സ്രോതസ് കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണം. 

ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി അത് സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കാത്ത രീതിയില്‍ ആയിരിക്കും വരുമാന വര്‍ദ്ധനവിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ദ്ധിപ്പിച്ച് സ്വന്തം വരുമാനം ഉപയോഗിച്ച് ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം എന്താണ് എന്നത് പദ്ധതിവിഹിതം അനുവദിക്കുന്നതില്‍ നിന്നും വ്യക്തമാകും. പദ്ധതി തുകയുടെ (.5%) എല്ലാവര്‍ഷവും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. 26 ശതമാനം ആയിരുന്നത് കഴിഞ്ഞവര്‍ഷം 26.5% മായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത്തവണ പദ്ധതിവിഹിതം 27 % മാണ്. 27% പദ്ധതി തുക തദ്ദേശസ്ഥാപനങ്ങളാണ് ചെലവഴിക്കുന്നത്. തദേശ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തരമായ വിഭവ സമാഹരണം നടത്താന്‍ കഴിയേണ്ടതുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതി തുകയെ മാത്രം ആശ്രയിക്കാതെ തനത് വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കണം. അത് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
ആദ്യമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിങ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യപരമായ മത്സരം തദ്ദേശസ്ഥാപനങ്ങള്‍ക്കിടയില്‍ വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനവും കാര്യക്ഷമതയും ഉണ്ടാകുന്നതിന് ആരോഗ്യപരമായ സമീപനം ആവശ്യമാണ്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ദീര്‍ഘവീക്ഷണത്തോടുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അത് അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായാണ് തദ്ദേശ ദിനാഘോഷത്തെ കാണുന്നത്. സര്‍ക്കാറിന്റെ മിക്ക ഫ്‌ലാഗ്ഷിപ് പ്രോഗ്രമുകളും തദ്ദേശസ്ഥാപനങ്ങളിലൂടെയാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള ഏകോപനം ഫലപ്രദമായി നടപ്പാക്കാന്‍ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം ഘട്ടം ഘട്ടമായി സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

Share this story