തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഇനിയും പ്രതിഫലം കിട്ടിയിട്ടില്ല

google news
election

തിരഞ്ഞെടുപ്പ് കഴിഞ്ഞു സര്‍ക്കാര്‍ അധികാരമേറ്റിട്ടും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഇനിയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. എന്‍സിസി, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്, എന്‍എസ്എസ് എന്നീ വിഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പ്രതിഫലം ലഭിക്കാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പണം അക്കൗണ്ടുകളില്‍ എത്തുമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച വാഗ്ദാനം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പൊലീസിനെ സഹായിക്കാനാണ് എന്‍സിസി, എസ്പിസി എന്നീ വിഭാഗങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രതിദിനം 1300 രൂപ എന്ന കണക്കില്‍ രണ്ടു ദിവസത്തേക്ക് 2600 രൂപയാണ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുടെ പ്രതിഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജോലി കഴിഞ്ഞയുടന്‍ ഇവര്‍ക്ക് പ്രതിഫലം നേരിട്ട് കൈമാറിയിരുന്നു. ഇത്തവണയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നാണ് ഓഫീസര്‍മാരെ അറിയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും പണം ലഭിച്ചിട്ടില്ല.

Tags