നടൻ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.എസ് സുനിൽകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്‌

google news
Election Commission warns VS Sunilkumar

തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം  തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതിൽ തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ടൊവിനോയുടെ പേരും ചിത്രവും ദുരുപയോ​ഗം ചെയ്തുവെന്ന പരാതിയിന്മേലാണ് നടപടി. ഇനി ആവർത്തിക്കരുതെന്ന് കാട്ടിയാണ് നോട്ടീസ്.

വി.എസ് സുനില്‍കുമാറിന്റേയും സി.പി.ഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ നൽകിയ വിശദീകരണം. ഇരുവരുടേയും മറുപടി തൃപ്തികരമായി കണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കി പരാതി അവസാനിപ്പിച്ചു.

നേരത്തെ, തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് ടൊവിനോ സാമൂഹിക മാധ്യമങ്ങളിൾ പോസ്റ്റിട്ടതിന് പിന്നാലെ സുനിൽകുമാർ തന്റെ പോസ്റ്റ് പിൻവലിച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍കുമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രമുള്‍പ്പടെയുള്ള പോസ്റ്റിട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്.

Tags