മൂലങ്കാവ് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

mulankavu

വയനാട്: മൂലങ്കാവ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. പ്രധാന അധ്യാപികയോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് ഡിഡിഇ ശശീന്ദ്രവ്യാസ് അറിയിച്ചു. അതേസമയം സംഭവത്തിൽ 2 വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. വിഷയം പ്രത്യേക കമ്മറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിനാണ് സഹപാഠികളുടെ ക്രൂരമർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയായിരുന്നു മർദനം. കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളിൽ കുത്തിപ്പരിക്കൽപ്പിച്ചു. ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

സുൽത്താൻബത്തേരി പൊലീസെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കണ്ണിന്റെ താഴെ,  ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്. 

അമ്പലവയൽ എംജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്കൂളിൽ ചേർന്നത്. കേസുമായി മുന്നോട്ട് പോകുമെന്ന് ശബരീനാഥിന്‍റെ അമ്മ സ്മിത മാധ്യമങ്ങളോട് പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദം വന്നുവെന്നും സ്മിത ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ശബരിനാഥനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Tags