മദ്യനയ കേസില്‍ കെജ്രിവാളിലേക്ക് ഇഡി അന്വേഷണമെത്താന്‍ കാരണം കോണ്‍ഗ്രസ് : മുഖ്യമന്ത്രി പിണറായി വിജയന്‍

google news
pinarayi vijayan

ഡല്‍ഹി : മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിലേക്ക് ഇഡി അന്വേഷണമെത്താന്‍ കാരണം കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോഴിക്കോട് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ റാലി ബിജെപിക്ക് താക്കീതായി മാറിയെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനും ഈ റാലി പാഠമാണെന്നും പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേടയാടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്.

ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിന് നേരെയും നടപടി ഉണ്ടായി. എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികള്‍ എടുത്ത നടപടി പോരെന്നും കൂടുതല്‍ നടപടി വേണം എന്നുമാണ് കോണ്‍ഗ്രസ് നിലപാട് എടുത്തത്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് അരവിന്ദ് കെജ്രിവാള്‍. അദ്ദേഹത്തിലേക്ക് മദ്യ നയ കേസ് അന്വേഷണമെത്താന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടാണ്. കേസില്‍ ആദ്യം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോള്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രല്‍ ബോണ്ട് എന്ന പേരില്‍ വന്‍ അഴിമതിക്കാണ് ബിജെപി തുടക്കം കുറിച്ചത്. അവരെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. ഇലക്ടറല്‍ ബോണ്ടില്‍ കോണ്‍ഗ്രസുമുണ്ട്.

എന്നാല്‍ ഇതിനെതിരെ കൃത്യമായ നിലപാടെടുത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ്. ഇത്തരത്തില്‍ ഫണ്ട് സ്വീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് ഇപ്പോഴെങ്കിലും പറയാനാവുമോ? സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍ എല്ലാവര്‍ക്കും അറിയാമല്ലോ.

കോണ്‍ഗ്രസിന് 50 കോടി രൂപ സാന്രിയാഗോ മാര്‍ട്ടിനും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഡി സതീശന്‍ പറഞ്ഞത് സാന്റിയാഗോ മാര്‍ട്ടിനെ വ്യക്തിപരമായി ആക്ഷേപിച്ചില്ലെന്നാണ്. ആക്ഷേപിച്ചോ ഇല്ലയോ എന്നതല്ല പ്രശ്‌നം പണം സ്വീകരിച്ചതാണ്. കോണ്‍ഗ്രസിന്റെ നിലപാടാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

Tags