സ്വർണ്ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി

gold smuggling
gold smuggling

    2025 ജനുവരി 20 മുതൽ  സ്വർണ്ണത്തിന്റെയും വിലയേറിയ  രത്‌നങ്ങളുടെയും (എച്ച്.എസ്.എൻ. ചാപ്റ്റർ 71),  10 ലക്ഷമോ അതിന്  മുകളിലോ   മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ  പോർട്ടലിൽ ലഭ്യമാണ്.

        കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 10/2024 - സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024  പ്രകാരം  ജനുവരി 1,  2025 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും,  മറ്റ് വിലയേറിയ രത്‌നങ്ങളുടെയും  രജിസ്‌ട്രേഷൻ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത് താത്കാലികമായി മാറ്റി വച്ചിരുന്നു. നിലവിൽ ഈ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് അകത്തുള്ള മേൽ പ്രകാരമുള്ള  ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും (എക്‌സിബിഷൻ, ജോബ് വർക്ക്, ഹാൾമാർകിങ് തുടങ്ങിയവ), രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ  നിന്ന് വാങ്ങുന്ന  സന്ദർഭത്തിലായാലും, രജിസ്‌ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത  ചരക്ക് നീക്കം  നടത്തുന്നതെങ്കിൽ  2025 ജനുവരി 20 മുതൽ ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിന്റെ പാർട്ട് -എ ജനറേറ്റ് ചെയ്തിരിക്കേണ്ടതാണ്. ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല.

ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 10/2024 - സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024,  2/2025- സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025  എന്നിവ  കാണുക.

Tags