പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിവേട്ട; 1.20 കോടിയുടെ ഹെറോയിന്‍ കണ്ടെത്തി

google news
aaaa

പാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ രാസ ലഹരി വേട്ട. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗില്‍നിന്നും 1.20 കോടി രൂപയുടെ ഹെറോയിന്‍ കണ്ടെത്തി. പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മധ്യവേനല്‍ അവധി, ഉത്സവ സീസണ്‍ എന്നിവയോടനുബന്ധിച്ച് പാലക്കാട് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും സംയുക്തമായി പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.

രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ വന്ന പാട്‌ന-എറണാകുളം എക്‌സ്പ്രസിന്റെ മുന്‍വശത്തുള്ള ജനറല്‍ കോച്ചിലെ ലഗേജ് റേക്കില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നലിയില്‍ കണ്ട കറുത്ത ബാഗിലാണ് ലഹരി വസ്തു സൂക്ഷിച്ചിരുന്നത്. തുണിയില്‍ പൊതിഞ്ഞനിലയിലുണ്ടായിരുന്ന 16 സോപ്പുപെട്ടികളിലായാണ് 164 ഗ്രാം ഹെറോയിന്‍ കണ്ടെത്തിയത്. കണ്ടെത്തിയ ഹെറോയിന് ഏകദേശം 1.20 കോടി രൂപ വില വരും. സംഭവത്തില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പും ഉത്സവകാലവും പരിഗണിച്ച് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാട് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്‍. കേശവദാസിന്റെയും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ജിജി പോളിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.പി. ദീപക്, എ.പി. അജിത്ത് അശോക്, പി.ടി. ബാലസുബ്രഹ്മണ്യന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ.എം. ഷിജു, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എന്‍. അശോക്, ഒ.കെ. അജീഷ്, കോണ്‍സ്റ്റബിള്‍ പി.പി. അബ്ദുല്‍ സത്താര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.പി. ഗോകുലകുമാരന്‍, ഷൈബു, കെ.കെ. ഗോപിനാഥന്‍, എം.എം. യാസര്‍ അറാഫത്ത്, എക്‌സൈസ് ഡ്രൈവര്‍ വിനീഷ് എന്നിവരും പങ്കെടുത്തു.
 

Tags