സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി ; തൃശ്ശൂരിൽ ഗ്രൗണ്ടില്‍ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം

driving

കൊച്ചി: പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഇന്നും മുടങ്ങി. സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പലരും എത്തിയില്ല. തൃശ്ശൂരും തിരുവനന്തപുരത്തും അടക്കം ചിലയിടങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

തൃശ്ശൂര്‍ അത്താണിയില്‍ സമരസമിതി പ്രവര്‍ത്തകര്‍ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടില്‍ കുഴിയുണ്ടാക്കി അതില്‍ ഇറങ്ങി കിടന്നായിരുന്നു പ്രതിഷേധം.

‘4/ 2024 സര്‍ക്കുലര്‍ പിന്‍വലിക്കണം. അശാസ്ത്രീയമായ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ജീവനോടെയാണ് കുഴിമാടത്തില്‍ കിടക്കുന്നതെങ്കില്‍ നാളെ ശവമായിരിക്കും കുഴിമാടത്തിലുണ്ടാവുക. അതിനാലാണ് ശക്തമായ തീരുമാനത്തിലെത്തിയത്. പല ഡ്രൈവിംഗ് സ്‌കൂളുകാരും പട്ടിണിയിലാണ്.’ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രൗണ്ടിലും ഇന്ന് ടെസ്റ്റ് നടന്നിട്ടില്ല. മുട്ടത്തറയിലും പ്രതിഷേധം കാരണം ടെസ്റ്റുണ്ടായില്ല. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു കാരണവശാലും ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍.

Tags