‘ഡോറ - ബുജി’യെ പോലെ നാടുചുറ്റാനിറങ്ങി നാലാം ക്ലാസുകാര്‍ : തിരികെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവര്‍ !

dora

കൊച്ചി : കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാം ക്ലാസുകാരെ ഓട്ടോഡ്രൈവര്‍ വീടുകളിലെത്തിച്ചു. ആമ്പല്ലൂരിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടശേഷമാണ് കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാര്‍ നാടുചുറ്റിക്കാണാനിറങ്ങിയത്.

നേരെ സ്വകാര്യ ബസില്‍ കയറി യാത്ര തുടങ്ങി. ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശൊക്കെ തീര്‍ന്നിരുന്നു. അളഗപ്പ പോളിടെക്‌നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ കുട്ടികള്‍ കോക്കാടന്‍ ജെയ്‌സന്‍ എന്ന വ്യക്തിയുടെ ഓട്ടോറിക്ഷയില്‍ കയറി. സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നാണ് കുട്ടികള്‍ പറഞ്ഞത്. തങ്ങളുടെ കൈയ്യില്‍ പണമില്ലെന്നും ഡ്രൈവറോട് പറഞ്ഞു.

അതു സാരമില്ലെന്ന് ജെയ്‌സണ്‍ പറഞ്ഞെങ്കിലും കുട്ടികളുടെ പെരുമാറ്റത്തില്‍ അദ്ദേഹത്തിന് പന്തികേട് തോന്നി. കുട്ടികള്‍ക്ക് തീരെ സ്ഥലപരിചയമില്ലെന്ന് കൂടി കണ്ടപ്പോള്‍ ജെയ്‌സണ് സംശയമായി.

തുടര്‍ന്ന് കുട്ടികളുടെ സ്‌കൂള്‍ ഐഡി കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു. ജെയ്‌സണ്‍ തന്നെ കുട്ടികളെ രക്ഷിതാക്കള്‍ക്കരികിലെത്തിച്ചു. കുട്ടികളെ കാണാതെ രക്ഷിതാക്കള്‍ ഇതിനുള്ളില്‍ സ്‌കൂളിലെത്തിയിരുന്നു.

Tags