പൊന്നിയരി കാണിച്ച് തൃശ്ശൂരുകാരെ കബളിപ്പിക്കണ്ട, ഇത് ബിജെപിയുടെ അവസാന അടവ്; ടി എന്‍ പ്രതാപന്‍

 Pratapan
 Pratapan

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാരത് റൈസും ചര്‍ച്ചയാകുന്നു. പൊന്നിയരി കാണിച്ച് തൃശ്ശൂരുകാരെ കബളിപ്പിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അരി വിതരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും പ്രതാപന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭാരത് റൈസ് വിതരണം തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വ്യാപകമായി തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ് നഗരഗ്രാമ കവലകള്‍ കേന്ദ്രീകരിച്ച് അരിയുടെയും പലവ്യഞ്ജന സാധനങ്ങളുടെയും കുറഞ്ഞ നിരക്കിലുള്ള വില്‍പന നടത്തുന്നത്. നിലവില്‍ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണ് വില്‍പന. ഇതിനെതിരെയാണ് ടി എന്‍ പ്രതാപന്‍ എംപി രംഗത്തെത്തിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അരി വിതരണം ബിജെപിക്ക് തിരിച്ചടിയാവുമെന്ന് പ്രതാപന്‍ പറഞ്ഞു. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും വിതരണം ചെയ്യാതെ തൃശ്ശൂരില്‍ മാത്രം ചെയ്യുന്നത് ജനങ്ങള്‍ തിരിച്ചറിയുമെന്നും പൊന്നിയരി കാണിച്ച് തൃശ്ശൂരുകാരെ പറ്റിക്കാമെന്ന് കരുതേണ്ട എന്നും പ്രതാപന്‍ പറഞ്ഞു.


അരി വിതരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു . തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുമ്പ് ബിജെപി നടത്തുന്ന അവസാന അടവാണ് ഭാരത് റൈസ് വിതരണമെന്നും പ്രതാപന്‍ വിമര്‍ശിച്ചു.

Tags