ജയസൂര്യക്കെതിരായ കേസിൽ സംവിധായകൻ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. ജയസൂര്യ നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നു പറയപ്പെടുന്ന സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോനായിരുന്നു.
സെക്രട്ടേറിയറ്റിലെ ഷൂട്ടിങ്ങിനിടെ അതിക്രമം നടന്നുവെന്നാണു കേസ്.പരാതിയിൽ സിനിമയുടെ മറ്റു സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. നടി നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാകും രേഖപ്പെടുത്തുക. സെക്രട്ടേറിയറ്റിൽ ഷൂട്ടിങ് അനുവദിച്ചതിന്റെ വിശദാംശങ്ങൾ തേടി സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിനു നോട്ടീസ് നൽകി.
സെക്രട്ടറിയേറ്റിൽ വച്ചു നടന്ന ലൈംഗികാതിക്രമം ആയതിനാൽ അതീവ ഗൗരവത്തോടെയാണ് സർക്കാരും പൊലീസും സംഭവത്തെ നോക്കിക്കാണുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടി 7 പരാതികളാണു ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയിരിക്കുന്നത്. മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവരാണു മറ്റ് ആരോപണ വിധേയർ.