ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ ഒന്നിച്ചു താമസിപ്പിക്കും: മന്ത്രി ആര്‍. ബിന്ദു
Minister R Bindu

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന അസിസ്റ്റീവ് വില്ലേജുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. 

ഓട്ടിസം ഉള്‍പ്പെടെയുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ കാലശേഷം കുട്ടികളുടെ പരിപാലനം വലിയ വെല്ലുവിളിയാണ്. മുഴുവന്‍ സമയവും ഇവരെ പരിപാലിക്കേണ്ടതിനാല്‍ രക്ഷിതാക്കളില്‍ പലര്‍ക്കും തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. 

ഇവ കണക്കിലെടുത്താണ് പരസ്പരം സഹായമാകുന്ന രീതിയില്‍ ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന അസിസ്റ്റീവ് വില്ലേജുകള്‍ യാഥാര്‍ഥ്യമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരില്‍ നിന്ന് പദ്ധതിക്കായി മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു. 

കുട്ടികള്‍ക്കാവശ്യമായ വൈദ്യസഹായം, ബഡ്സ് സ്‌കൂള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടങ്ങളിലുണ്ടാകും. എല്ലാവര്‍ക്കും പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അഴീക്കോട് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. രണ്ട് പീഡിയാട്രിക് വീല്‍ചെയര്‍, 15 ശ്രവണ സഹായി, ഒരു തെറാപ്പി മാറ്റ് എന്നിവയും 14 പേര്‍ക്ക് സഹായ ഫണ്ടും മന്ത്രി വിതരണം ചെയ്തു.

 ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, പഞ്ചായത്ത് അംഗം ജസ്‌ന, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എം വി ജയഡോളി, ഡയരക്ടര്‍മാരായ ഒ വിജയന്‍, ഗിരീഷ് കീര്‍ത്തി, ചൂരുമൂട് പുരുഷോത്തമന്‍, അഴീക്കോട് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹിജ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.

Share this story