ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

A young man died after eating wormwood as part of the ritual
A young man died after eating wormwood as part of the ritual

പാലക്കാട്: പള്ളിപ്പുറം പരുതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കായ കഴിച്ച യുവാവ് മരിച്ചു. തൃത്താല ആലൂര്‍ കോന്തത്ത് ഷൈജു (43) ആണ് മരിച്ചത്. അഞ്ഞൂറിലേറെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് വര്‍ഷം തോറും നടത്തിവരാറുള്ള ആട്ട് ചടങ്ങിനിടെ ഷൈജുവിന്റെ ദേഹത്തില്‍ ഹനുമാന്‍ സ്വാമിയുടെ പ്രേതം കയറിയതായാണ് കുടുംബം പറയുന്നത്. 

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഹനുമാന്‍ സ്വാമിയുടെ പ്രേതം കേറിയാല്‍ പഴ വര്‍ഗങ്ങളാണ് നിവേദ്യമായി നല്‍കുക. ഇതിന്റെ ഭാഗമായി നല്‍കിയ കാഞ്ഞിരത്തിന്റെ കായ ഷൈജു കഴിച്ചു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. 

ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചതായും കുടുംബാംഗവും പരുതൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറുമായ മിനി പറഞ്ഞു. പട്ടാമ്പി താലൂക് ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹം സംസ്‌കരിച്ചു. 

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍ മരണകാരണം വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയക്കാന്‍ തീരുമാനമായി. തൃത്താല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Tags