തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഏക്കത്തുക: തെറ്റായ വിവരങ്ങള്‍ക്കെതിരേ ദേവസ്വം ഭരണസമിതി
തൃശൂര്‍: ചാലിശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് എടുത്തതുമായി ബന്ധപ്പെട്ട് ചില സാമൂഹിക, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ 13 ലക്ഷം, 17 ലക്ഷം രൂപ എന്നിവ അടങ്ങിയ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തിരുത്തി ദേവസ്വം സമിതി. ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പേരാതൃക്കാവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം സമിതി പ്രസിഡന്റ് പി.ബി. ബിനോയ് അറിയിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവ മേഖലയില്‍ വിവിധ വെല്ലുവിളികള്‍ നേരിടുന്ന ഒരു ആനയാണ്. നിലവില്‍ നിബന്ധനകള്‍ക്ക് വിധേയമായി ആഴ്ചയില്‍ രണ്ടു പരിപാടികളില്‍ മാത്രമാണ് പങ്കെടുക്കുന്നത്. അടുത്ത സീസണിലേക്ക് ഏഴ് പരിപാടികള്‍ മാത്രമാണ് കരുതിയിട്ടുള്ളത്. ആയതിനാല്‍, വാര്‍ത്തയുടെ ആധികാരികത ഉറപ്പിച്ചശേഷം മാത്രമേ ഇത്തരമൊരു വിവരവും പ്രചരിപ്പിക്കാവൂ എന്ന് ദേവസ്വം സമിതി മാധ്യമങ്ങളോടും ജനങ്ങളോടും അഭ്യര്‍ഥിച്ചു. തെറ്റായ വിവരങ്ങള്‍ ദേവസ്വത്തിനും ആന സംരക്ഷണത്തിനും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നുള്ളതുകൊണ്ടാണ് ഈ വിശദീകരണവും മുന്നറിയിപ്പുമെന്നും ബിനോയ് വിശദീകരിച്ചു.