വകുപ്പുകള്‍ സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ കൊണ്ടുവരും: മന്ത്രി കെ.രാജന്‍
പാലക്കാട് : റവന്യു വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, സര്‍വ്വേ വകുപ്പ് എന്നിവയുടെ പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് രാജ്യത്താദ്യമായി ഒരു ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ കൊണ്ടുവരുമെന്ന് റവന്യു മന്ത്രി കെ.രാജന്‍. ഇതോടെ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ഭൂമിയുടെ സ്വഭാവവും ഇനവും സ്‌കെച്ചുമെല്ലാം അറിയാനാകും. ഇത് വിപ്ലവകരമായ മാറ്റത്തിനു വഴി വെക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 26 വില്ലേജോഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ മുണ്ടൂര്‍ 1, എലവഞ്ചേരി, കിഴക്കഞ്ചേരി 1, പുതുക്കോട്, കരിമ്പ 2, അമ്പലപ്പാറ 2 വില്ലേജ് ഓഫിസുകള്‍ക്ക് തറക്കല്ലിട്ടു.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പ് വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഏറ്റവുമധികം പട്ടയങ്ങള്‍ വിതരണം ചെയ്തത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. ഈ സര്‍ക്കാര്‍ മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ 1.80 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്ത് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചുകഴിഞ്ഞു. പട്ടയ മിഷന്‍ പ്രവര്‍ത്തനം വഴി മണ്ഡലതലത്തില്‍ പട്ടയ അസ്സെംബ്‌ളികള്‍ നടത്തി. ഇവിടെ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി, ഇവയില്‍ ഓരോ ആറുമാസവും അദാലത്തുകള്‍ നടത്തി പ്രശ്‌നപരിഹാരം കാണുകയും കൃത്യമായി പട്ടയം വിതരണം ചെയ്യുകയും ചെയ്യുന്നു. വര്‍ഷങ്ങളായി പരിഹരിക്കാനാവാത്ത സാങ്കേതിക പ്രശ്‌നങ്ങള്‍ പോലും പട്ടയ ഡാഷ് ബോഡില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമൊരുക്കി. അന്യാധീനപ്പെട്ട 2274 ഏക്കര്‍ ഭൂമി കഴിഞ്ഞ ഒമ്പത് മാസം കൊണ്ട് താലൂക്ക് ഡാഷ് ബോര്‍ഡുകള്‍ വഴി സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കാനായി. സ്ഥിരമായി ഒരിടത്ത് താമസിച്ച് കൈവശം വെച്ച ഭൂമിക്ക് പട്ടയം ലഭ്യമാക്കുക മാത്രമല്ല ലക്ഷ്യം. ഒരിടത്ത് സ്ഥിരമായി താമസിക്കാത്ത് ആദിവാസി ഗോത്ര സമൂഹത്തില്‍പെടുന്നവര്‍ക്കും ഭൂമി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മിഷന്‍ ഏറ്റെടുക്കുന്നത്.
റവന്യു വകുപ്പുമായി ചേര്‍ന്ന് നില്‍ക്കുന്ന സര്‍വ്വേ വകുപ്പ് വലിയ മുന്നേറ്റമാണ് ഈ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്നത്. എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി സര്‍വ്വേ വകുപ്പ് ഡിജിറ്റല്‍ റീസര്‍വ്വേ നടത്തുന്നു. അതി വേഗതയിലാണ് അഭിമാനകരമായ ഈ പവര്‍ത്തനം നടത്തുന്നത്. ഡിജിറ്റല്‍ വേലി കൊണ്ട് ഭൂമിയുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കാവുന്ന അത്യാധുനിക സമൂഹമായി നാം മാറുകയാണ്. ഭൂമി കൈമാറ്റം നടക്കുമ്പോള്‍ തര്‍ക്കങ്ങളും ആശങ്കകളുമില്ലാത്ത വിധം റവന്യു വകുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകും.
എല്ലാ സേവനവും സ്മാര്‍ട്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 520 വില്ലേജുകള്‍ ഇതിനോടകം സ്മാര്‍ട്ടായി. സംസ്ഥാനത്തെ 1666 വില്ലേജും സ്മാര്‍ട്ടാക്കും. 26 വില്ലേജ് ഓഫീസുകള്‍ക്ക് ഇന്ന് തറക്കല്ലിടുന്നു. വില്ലേജ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള എല്ലാ ഫയലുകളും സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്നു. 100 ദിന പരിപാടികളുടെ ഭാഗമായി 10 രാജ്യങ്ങളിലെ കേരളീയര്‍ക്ക് പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ വഴി റവന്യു വകുപ്പുമായി ബന്ധപ്പെട്ട നികുതികള്‍ അടയ്ക്കാന്‍ സൗകര്യമൊരുക്കും. തറക്കല്ലിടുന്ന കെട്ടിടങ്ങളുടെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കി സ്മാര്‍ട്ട് ആക്കുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടൂര്‍ 1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തില്‍ എ.പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.സഫ്ദര്‍ ഷെറീഫ്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.സജിത, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഒ.ബി.പ്രിയ, വി.സി.ശിവദാസ്, എം.എസ്.മാധവദാസ്, പാലക്കാട് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത്, വില്ലേജ് ഓഫീസര്‍ എന്‍.മിനി ആശ എന്നിവര്‍ സംസാരിച്ചു.
അമ്പലപ്പാറ 2 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അഡ്വ.കെ.പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് ടി.ശശികുമാര്‍, ജില്ലാ പഞ്ചായത്തംഗം പ്രീത മോഹന്‍ദാസ്, ഒറ്റപ്പാലം തഹസില്‍ദാര്‍ സി.എം.അബ്ദുല്‍ മജീദ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ എ.ഐ.സീനത്ത്, പി.മുഹമ്മദ് കാസിം, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തംഗം പി.സ്മിത, പഞ്ചായത്തംഗം സൗദ സലീം, അമ്പലപ്പാറ 2 വില്ലേജ് ഓഫീസര്‍ ഷിജു വൈ. ദാസ് എന്നിവര്‍ സംസാരിച്ചു.
എലവഞ്ചേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി, പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.രജനി, ആര്‍.ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുപ്രിയ, ചിറ്റൂര്‍ തഹസില്‍ദാര്‍ പി.എം.അബൂബക്കര്‍ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
പുതുക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ പി.പി.സുമോദ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് ഐ.ഹസീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സി.ബിനു, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുലോചന, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.രാജേന്ദ്രന്‍, ആലത്തൂര്‍ തഹസില്‍ദാര്‍ കെ.ശരവണന്‍, വില്ലേജ് ഓഫീസര്‍ എം.കെ.ഗിരീഷ് കുമാര്‍, പുതുക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കെ.എന്‍.സുകുമാരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.