വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ 167 ആയി
മേപ്പാടി : വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 151 ആയി. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റ 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൽപറ്റ ജനറൽ ആശുപത്രിയിൽ 15 പേരും വിംസ് മെഡിക്കൽ കോളജിൽ 106 പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തിൽ 27 പേരും ചികിത്സയിലുണ്ട്. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തിൽ മരിച്ച 129 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
അതേസമയം, ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിൽ പങ്കാളികളാകും.
നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുക. തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുക. വീടിന്‍റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാൽ മാത്രമേ ആളുകളെ കണ്ടെത്താനാവൂ. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്ത ചാലിയാർ പുഴയിലും ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. കൂടുതൽ മൃതദേഹങ്ങൾ ഉൾവനത്തിലെ പുഴയിലുണ്ടോ എന്നറിയാനാണ് തിരച്ചിൽ.
മലവെള്ളപ്പാച്ചിലിൽ മൃതദേഹങ്ങൾ ചാലിയാറിലൂടെ താഴോട്ട് ഒഴുകിപ്പോയിട്ടുണ്ടെന്ന സംശയവുമുണ്ട്. നിലമ്പൂർ, മുണ്ടേരി, പനങ്കയം പാലം, വെള്ളിലമാട്, ശാന്തിഗ്രാമം, കമ്പിപ്പാലം, ഇരുട്ടുകുത്തി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ മൃതദേഹങ്ങൾ ലഭിച്ചത്.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളിൽ 32 എണ്ണമാണ് കണ്ടെത്തിയത്. ഇതിനുപുറമെ 25 ശരീരഭാഗങ്ങളും ലഭിച്ചു. ഒരു മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങളിൽ 19 എണ്ണം പുരുഷന്മാരുടേതും 11 എണ്ണം സ്ത്രീകളുടേതും രണ്ടെണ്ണം കുട്ടികളുടേതുമാണ്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. വയനാട് മുണ്ടക്കൈയിൽ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്.
20 മണിക്കൂർ നീണ്ട ചൊവ്വാഴ്ചത്തെ രക്ഷാപ്രവർത്തനം രാത്രിയോടെയാണ് അവസാനിപ്പിച്ചത്. ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിരുന്നു. താൽകാലിക പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്.