തിരുവനന്തപുരത്ത് പട്ടി കടിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു
fghhh

നെടുമങ്ങാട്: പട്ടി കടിച്ച് പേവിഷബാധയ്‌ക്കെതിരേ വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്.

അഭിജയെ ഒന്നര മാസം മുന്‍പാണ് പട്ടി കടിച്ചത്. മൂന്ന് വാക്‌സിനും എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് വാക്‌സിന്‍ യുവതി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു.

ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു.

ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതയാണ്. അനൂജ സഹോദരിയാണ്.

Share this story