കണ്ണൂരില്‍ നൃത്താധ്യാപകന്‍ മരണമടഞ്ഞത് അളവില്‍ കൂടുതല്‍ കീടനാശിനി അകത്തു ചെന്നിട്ടെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കു വിധേയമാക്കുമെന്ന് അന്വേഷണ സംഘം

google news
Dance teacher died in Kannur after overdose of pesticides post mortem report

കണ്ണൂര്‍: കലോത്‌സവത്തിന് കോഴവാങ്ങിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ടതിന്റെ മനോവിഷമത്താല്‍ ജീവനൊടുക്കിയ കണ്ണൂര്‍ ചൊവ്വ സൗത്തിലെ സദാനന്ദാലയത്തില്‍ സഹദേവന്റെ മകന്‍ ഷാജി പൂത്തട്ട(  പി. എന്‍ ഷാജി) മരിച്ചത് കീടനാശിനി അകത്തുചെന്നിട്ടാണെന്ന പോസ്റ്റു മോര്‍ട്ടംറിപ്പോര്‍ട്ട് പുറത്തുവന്നു. 
 ഷാജിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോയില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കണ്ണൂര്‍ സിറ്റി പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി കൈലാസനാഥിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്. ഐയും രണ്ടു ഗ്രേഡ് എസ്. ഐമാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
 
അതേ സമയം ഷാജി മരിച്ചു കിടന്ന മുറിയില്‍ നിന്നും കീടനാശിനിയുടെ കുപ്പിയും ഇതു ഒഴിച്ച ഗ്‌ളാസും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതു ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. കോഴവാങ്ങിയെന്ന ആരോപണമുയര്‍ന്നതിനാല്‍ ഷാജി മനോവിഷമം കൊണ്ടു ജീവനൊടുക്കിയാതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത്. ഷാജിയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് പരിശോധിച്ചുവരികയാണ്. ഇതു പൂര്‍ത്തിയായാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുമെന്ന് പൊലിസ് പറഞ്ഞു. 
 
ഷാജിയെ കലോത്‌സവവുമായി ബന്്ധപ്പെട്ട ഫലങ്ങള്‍ കോഴവാങ്ങി അട്ടിമറിക്കുന്ന സംഘങ്ങളില്‍ ചിലര്‍ കുടുക്കിയതാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആത്മഹത്യാകുറിപ്പില്‍ ഇവരുടെ ആരുടെ പേരും പരാമര്‍ശിക്കുന്നില്ല.  

ഷാജിയുടെ അമ്മ ലളിത പൂത്തട്ടയുടെയും സഹോദരന്‍ അനില്‍കുമാറിന്റെയും ബന്ധുക്കളുടെയും മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇൗക്കാര്യത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

Tags