വനവിസ്തൃതി കൂട്ടില്ല; നിലവിലെ വനഭൂമി സംരക്ഷിക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
കോട്ടയം: വനവിസ്തൃതി കൂട്ടുന്ന നടപടികളിലേക്കു സർക്കാർ നീങ്ങില്ലെന്നും എന്നാൽ നിലവിലെ വനഭൂമി സംരക്ഷിക്കുന്ന കാര്യത്തിൽ ശുഷ്‌കാന്തി കാണിക്കുമെന്നും വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. സാമൂഹിക വനവത്കരണവിഭാഗം മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്‌ക്കരിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെയും സ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബിന്റെയും ഉദ്ഘാടനം തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി നാശത്തിനെതിരേ പ്രകൃതിസംരക്ഷണത്തിലൂടെയുള്ള പ്രതിരോധത്തിനാണ് ശ്രമിക്കേണ്ടത്. ഇതിനായി പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. കോട്ടയം ജില്ലയിൽ 24 വിദ്യാവനം പദ്ധതികൾ വിജയകരമായി നടപ്പാക്കി. ഇരുപത്തിയഞ്ചാമത്തേതാണ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ. വൈക്കം മണ്ഡലത്തിൽ രണ്ടുലക്ഷം രൂപയുടെ വിദ്യാവനം പദ്ധതി ഒരു സ്‌കൂളിൽ കൂടി ഈ സാമ്പത്തികവർഷം നടപ്പാക്കും. നല്ലനിലയിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഫോറസ്ട്രി ക്ലബുകളിലെ കുട്ടികൾക്കു വനംവകുപ്പിന്റെ ചെലവിൽ എക്കോടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്്കൂൾ അങ്കണത്തിൽ മരം നട്ടുകൊണ്ടാണ് മന്ത്രി വിദ്യാവനം പദ്ധതിക്കു തുടക്കം കുറിച്ചത്. 2023 ലെ വനമിത്ര പുരസ്‌കാരത്തിന് അർഹനായ ടി.എൻ പരമേശ്വരൻ നമ്പൂതിരി കുറിച്ചിത്താനത്തെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ലയിലെ മികച്ച വിദ്യാവനത്തിനുള്ള പുരസ്‌കാരം കോട്ടയം സി.എം.എസ് കോളേജിനും സമ്മാനിച്ചു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സർപ്പ വോളന്റിയേഴ്‌സിനുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ കെ.എഫ്.ഡി.സി അധ്യക്ഷ ലതിക സുഭാഷ് വിതരണം ചെയ്തു.
കോട്ടയം വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറുമായ പി.പി. പ്രമോദ്, കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കൺസർവേറ്റർ എ.പി സുനിൽ ബാബു, ഫോറസ്്റ്റ് കൺസർവേറ്റർ നീതുലക്ഷ്മി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജി വിൻസെന്റ്, ഷാനോമോൻ,അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ്, സ്‌കൂൾ മാനേജരും പ്രിൻസിപ്പാളുമായ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം.കെ ഷിബു എന്നിവർ പ്രസംഗിച്ചു.