തൃക്കാക്കരയില്‍ സസ്പെന്‍സ് നിലനിര്‍ത്തി സി.പി.എം ; സ്ഥാനാര്‍ഥിയെ ഇന്നറിയാം

google news
cpm

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച്‌ സസ്പെന്‍സ് നിലനിര്‍ത്തുകയാണ് സി.പി.എം നേതൃത്വം.സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ.എസ് അരുണ്‍കുമാര്‍ തന്നെ സ്ഥാനാര്‍ഥിയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമാകുമ്ബോഴും പതിവിന് വിപരീതമായി തൃക്കാക്കരയിലെ സി.പി.എം സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയാണ്. ഇന്നലെ ചേര്‍ന്ന സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിവിധ പേരുകള്‍ ചര്‍ച്ച ചെയ്തിരുന്നു. അവസാനം സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ എസ് അരുണ്‍കുമാറിന്റെ പേരിലേക്കാണ് ചര്‍ച്ചകള്‍ ഏകീകരിച്ചത്.

ജില്ലക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന സി.പി.എം നേതാവിന്‍റെ പേരും ഒരു ഘട്ടത്തില്‍ ചര്‍ച്ചക്കെത്തി. പൊതുസ്വതന്ത്രനെക്കുറിച്ചും ഒരു വേള വീണ്ടും ആലോചനകള്‍ നടന്നു. മുന്‍ കോളജ് അധ്യാപിക കൊച്ചുറാണി ജോസഫിന്റെ പേര് ചര്‍ച്ച ചെയ്തുവെങ്കിലും അത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് ഉണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവ് പ്രിന്‍സി തോമസിന്റെ പേരും പരിഗണനക്കെടുത്തിരുന്നു.

സ്ഥാനാര്‍‌ഥി ചര്‍ച്ചയില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനങ്ങളെടുത്തുവെങ്കിലും തുടര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. ഇന്ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ ഇ.പി ജയരാജന്‍ ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുന്നണി തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്ബ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരുണ്‍കുമാറിന് വേണ്ടി ചുമരെഴുതിയത് നേതൃത്വം ഇടപെട്ട് തടഞ്ഞു.

Tags